
വത്തിക്കാൻ: ന്യൂമോണിയ ബാധിതനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. മാർപ്പാപ്പയുടെ ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവർത്തകരുമായി സംസാരിച്ചുവെന്നും റിപ്പോർട്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനി മാർപാപ്പയെ ആശുപത്രിയിലെത്തി കണ്ടു. നിലവിലെ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ.
ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. പ്രായാധിക്യം രോഗത്തെ കൂടുതൽ സങ്കീർണമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ മാർപ്പാപ്പയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. കാൽമുട്ടുകളിലെ വേദനയുൾപ്പെടെ ഉള്ളതിനാൽ വീൽചെയർ മാർപ്പാപ്പ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.
Content Highlights: Pope Francis Health Condition is Improved Vatican