ഇസ്രയേലിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനം, ആർക്കും പരിക്കില്ല; ഭീകരാക്രമണമെന്ന് സംശയമെന്ന് പൊലീസ്

സ്ഫോടനത്തിന് പിന്നാലെ വെസ്റ് ബാങ്കിൽ കടുത്ത സൈനിക നടപടിക്കും നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട്

dot image

ജെറുസലേം: ഇസ്രയേലിലെ ബാറ്റ് യാം നഗരത്തിൽ സ്ഫോടന പരമ്പര. നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല. സ്ഫോടനത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ മറ്റു രണ്ട് ബസുകളിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സംഭവത്തിന് പിന്നിൽ ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ അടിയന്തര സുരക്ഷാ യോഗം ചേരാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. വെസ്റ് ബാങ്കിൽ കടുത്ത സൈനിക നടപടിക്കും നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട്. വെസ്റ്റ് ബാങ്കിലേക്കുളള പ്രവേശനം പലയിടത്തും തടഞ്ഞിരിക്കുകയാണ്. ഇസ്രായേല്‍ നഗരങ്ങളില്‍ സുരക്ഷ ശക്താക്കാനും നിര്‍ദേശമുണ്ട്. 'ഭീകരാക്രമണമാണെന്ന് സംശയിക്കുന്നു. ബാറ്റ് യാമിലെ വിവിധ ബസുകളിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്,' പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ​ഗാസയിൽ നിന്ന് തിരികെ നൽകിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടന പരമ്പര നടന്നത്. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിര്‍ ബിബാസിൻ്റെയും നാല് വയസുള്ള സഹോദരന്‍ ഏരിയലിൻ്റെയും മാതാവ് ശിരി ബിബാസിൻ്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്‌സിന്റെയും മൃതദേഹമാണ് കൈമാറിയത്.

Content Highlight: Multiple Bus Explosions in Israel Police Says Suspected Terror Attack

dot image
To advertise here,contact us
dot image