
വാഷിങ്ടൺ ഡിസി: തുടർച്ചയായി മൂന്നാം ദിവസവും ഇന്ത്യക്ക് നൽകിവരുന്ന വോട്ടർ ടേൺഔട്ട് ഫണ്ടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 21 മില്യൺ ഡോളർ തുക സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ലഭിക്കുന്നത്. അമേരിക്കയിലെ തിരഞ്ഞെടുപ്പിലും സമാന രീതിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതികൾ നടപ്പിലാക്കാമെന്നിരിക്കെ ഇന്ത്യക്ക് രാജ്യം വലിയ തുക നൽകേണ്ട ആവശ്യമെന്താണെന്നും ട്രംപ് ചോദിച്ചു. ഗവർണർമാരുടെ യോഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ബംഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്താൻ ഒരു സംഘടനയ്ക്ക് മാത്രമായി 29 മില്യൺ ഡോളർ നൽകിവരുന്നതിനേയും അദ്ദേഹം വിമർശിച്ചു.
'21മില്യൺ ഡോളർ പോകുന്നത് എന്റെ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കാണ്. തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യണാണ് നമ്മൾ നൽകുന്നത്. നമ്മുടെ കാര്യമോ? എനിക്കും വേണം വോട്ടർ ടേൺഔട്ട്', ട്രംപ് പറഞ്ഞു.
'ആരും ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു സംഘടനയ്ക്ക് 29മില്യൺ ഡോളറാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിന് എന്ന പേരിൽ നൽകുന്നത്. നിങ്ങൾക്ക് അതേ കുറിച്ച് ചിന്തിക്കാനാകുന്നുണ്ടോ?! രണ്ട് പേർ മാത്രമാണ് ആ സംഘടനയിൽ പ്രവർത്തിക്കുന്നത്. രണ്ടേ രണ്ടുപേർ. അവർ ഒരുപാട് സന്തോഷത്തിലാണെന്നാണ് തോന്നുന്നത്. അവർ വളരെ ധനികരായിരിക്കണം. ഏറ്റവും നല്ല ഒരു ബിസിനസ് മാസികയുടെ മുഖചിത്രമായി അവർ ഉടനെ വരും', ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം ദിവസമാണ് ട്രംപ് ഇന്ത്യക്ക് നൽകുന്ന തുകയെ കുറിച്ച് പരാമർശിക്കുന്നത്. 21 മില്യൺ ഇന്ത്യക്ക് നൽകിയെന്നാണ് ട്രംപ് പറയുന്നത്. അത്ര വലിയ തുക തങ്ങൾക്ക് ചിലവഴിക്കേണ്ട ആവശ്യമെന്താണെന്നും അവർ മറ്റാരെയോ തിരഞ്ഞെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് തോന്നുന്നുവെന്നും അമിത് മാളവ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യക്ക് ഫണ്ട് നൽകിവരുന്ന പദ്ധതി അനധികൃത പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പോളിങ്ങിനെ കുറിച്ച് അമേരിക്ക എന്തിനാണ ആശങ്കപ്പെടുന്നതെന്നും ട്രംപ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ (യുഎസ്എഐഡി) 21 മില്യൺ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയർത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
Content Highlight: ‘$21 million going to my friend PM Modi’: Donald Trump mentions USAID fund again