ഭ​ഗവത്​ ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേൽ; ട്രംപിൻ്റെ വിശ്വസ്തൻ എഫ്ബിഐയുടെ പുതിയ ഡയറക്ടർ

ഇത്തവണ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു കാഷ് പട്ടേൽ

dot image

വാഷിങ്ടൺ: മുൻ സുരക്ഷാ ഉദ്യോ​ഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു. ഭ​ഗവത്​ ​ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും പങ്കെടുത്തു. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാ​ഗ്യമാണെന്ന് ഇതെന്ന് കാഷ് പട്ടേൽ പറഞ്ഞു. തനിക്ക് ലഭിച്ച അവസരത്തിന് കാഷ് പട്ടേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി പറയുകയും ചെയ്തു.

സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് കാഷ് പട്ടേലിനെ തിരഞ്ഞെടുത്തത്. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മുർകോവ്സ്കിയും നിയമനത്തെ എതിർക്കുന്നതിൽ ഡെമോക്രാറ്റുകൾക്ക് ഒപ്പം നിന്നു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്.

അമേരിക്കൻ രഹസ്യ അന്വേഷണ ഏജൻസിയായ സിഐഎയുടെ തലപ്പത്ത് കാഷ് പട്ടേൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. പിന്നാലെയാണ് എഫ്ബിഐ ഡയറക്ടറായി ചുമതലയേൽക്കുന്നത്. ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായാണ് കാഷ് പട്ടേൽ അറിയപ്പെടുന്നത്. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവിയായിരുന്നു. ഇത്തവണ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു കാഷ് പട്ടേൽ.

1980 ഫെബ്രുവരി 25ന് ന്യൂയോർക്കിൽ ജനിച്ച പട്ടേലിന്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സർവകലാശാലയിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽനിന്നു രാജ്യാന്തര നിമയത്തിൽ ബിരുദവും നേടി. ക്രിമിനൽ അഭിഭാഷകനായ കാഷ് പട്ടേൽ മയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.

Content highlight: Kash Patel Takes Oath as FBI Director USA

dot image
To advertise here,contact us
dot image