
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘത്തിന്റെ റിപ്പോര്‍ട്ട്. പോപ്പിന്റെ ജീവന് ഭീഷണിയില്ല, എന്നാൽ അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചു. തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചെന്നും ഡോക്ടർ വെളിപ്പെടുത്തി.
ഇത് ആദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽ നിന്ന് ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
നിലവിലെ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. നേരത്തെ പോപ്പിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചിരുന്നു. പ്രായാധിക്യം രോഗത്തെ കൂടുതൽ സങ്കീർണമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ മാർപ്പാപ്പയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. കാൽമുട്ടുകളിലെ വേദനയുൾപ്പെടെ ഉള്ളതിനാൽ വീൽചെയർ മാർപ്പാപ്പ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.
Content Highlights: Pope Francis Health Condition is not Changed Says by Doctors Report