ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍; ഒപ്പം വളര്‍ത്തുനായയുടെ ജഡവും

സൂപ്പർമാൻ, ഫ്രഞ്ച് കണക്ഷൻ, അൺഫൊർഗിവൻ, മിസിസിപ്പി ബേണിങ്, ബോണി ആൻഡ് ക്ലൈഡ്, റൺഎവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകൾ

dot image

വിഖ്യാത ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോ സാന്താ ഫെയിലുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികള്‍ക്കൊപ്പം അവരുടെ വളര്‍ത്തുനായയേയും മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല.

നൂറിലേറെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ, രണ്ടുതവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ നടനാണ് ജീന്‍ ഹാക്ക്മാന്‍. 1930-ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച അദ്ദേഹം 16-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നു. നാലരവര്‍ഷത്തെ സൈനികജീവിതത്തിന് ശേഷം ന്യൂയോര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് അഭിനയം പഠിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കാലിഫോര്‍ണിയയിലെ 'പസദേന പ്ലേഹൗസില്‍' ചേര്‍ന്ന് അഭിനയം പഠിച്ചു.

1967 ൽ പുറത്തിറങ്ങിയ ബോണി ആൻഡ് ക്ലൈഡ് എന്ന സിനിമയിലൂടെയാണ് ജീൻ ഹാക്ക്മാന്‍ ശ്രദ്ധേയനായത്. ആറുപതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ 2 അക്കാദമി അവാര്‍ഡ്, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ അതുല്യപ്രതിഭയാണ് 95 കാരനായ ജീൻ ഹാക്മാന്‍. സൂപ്പർമാൻ, ഫ്രഞ്ച് കണക്ഷൻ, അൺഫൊർഗിവൻ, മിസിസിപ്പി ബേണിങ്, ബോണി ആൻഡ് ക്ലൈഡ്, റൺഎവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകൾ. ഭാര്യ ബെറ്റ്സി അറാകവ പിയനിസ്റ്റാണ്.

Content HIghlights: Actor Gene Hackman and wife found dead

dot image
To advertise here,contact us
dot image