
പ്യോംങ്യാംഗ്: ഉത്തര കൊറിയ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം നടത്തിയതായി സർക്കാർ ഔദ്യോഗിക വാർത്ത ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച മഞ്ഞക്കടലിൽ നടന്ന മിസൈൽ പരീക്ഷണത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ സന്നിഹിതനായിരുന്നെന്നും കെസിഎൻഎ അറിയിച്ചു.
വടക്കൻ കൊറിയയുടെ അന്തരീക്ഷത്തെ ബാധിക്കുന്ന നിലയിൽ സുരക്ഷ ലംഘിക്കുകയും ഏറ്റുമുട്ടൽ അന്തരീക്ഷം വളർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകാനാണ് മിസൈൽ പരീക്ഷണമെന്നാണ് കെസിഎൻഎ വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. 1,587 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണ സമയത്ത് 130 മിനിറ്റ് പറത്തിയെന്നാണ് കെസിഎൻഎയുടെ അവകാശവാദം. പരീക്ഷണ വിക്ഷേപണത്തിൻ്റെ ഫലത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ സംതൃപ്തി പ്രക്രടിപ്പിച്ചുവെന്നും ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 'ആണവ പ്രതിരോധ ഘടകങ്ങളുടെ വിശ്വാസ്യതയും പ്രവർത്തനവും തുടർച്ചയായി പരീക്ഷിക്കുകയും അവയുടെ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഉത്തരകൊറിയയുടെ യുദ്ധ പ്രതിരോധത്തിൻ്റെ ഉത്തരവാദിത്ത'മാണെന്ന് കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ വർഷത്തെ ഇത്തരത്തിലുള്ള നാലാമത്തെ മിസൈൽ വിക്ഷേപണമാണ് ഉത്തരകൊറിയ നടത്തുന്നത്. ജനുവരിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ മിസൈൽ അഭ്യാസമാണിത്. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിനായുള്ള നീക്കങ്ങളുടെ ഭാഗമായി ആദ്യ ടേമിൽ മൂന്ന് ഉച്ചകോടികൾ ട്രംപ് നടത്തിയിരുന്നു. രണ്ടാം ടേമിലും ഉത്തരകൊറിയൻ നേതാവുമായി ആശയവിനിമയം നടത്താനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ ഫോക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്. 'ഞങ്ങൾ ഒത്തുകൂടി, അദ്ദേഹം ഒരു മതഭ്രാന്തനല്ല, ഒരു മിടുക്കനാണ് 'എന്നായിരുന്നു കിം ജോങ് ഉന്നിനെക്കുറിച്ചുള്ള ട്രംപിൻ്റെ പ്രതികരണം.
Content Highlights: North Korea says it launched cruise missiles in message to ‘enemies’