
കീവ്: അമേരിക്കയ്ക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നന്ദി പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്‌കി. അമേരിക്ക നൽകിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നാണ് സെലൻസ്‌കിയുടെ പ്രതികരണം. വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്പോരിൽ കലാശിച്ചതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
എക്സിലാണ് സെലന്‍സ്കി പ്രതികരണം പങ്കുവെച്ചത്. യുക്രെയ്ൻ ജനത അമേരിക്കയുടെ പിന്തുണയെ വിലമതിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പറഞ്ഞു. തങ്ങൾക്ക് അതിജീവിക്കാൻ അമേരിക്കയുടെ സഹായം പ്രധാനമാണ്. അത് അംഗീകരിക്കാൻ താൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ നിർണായകമാണ്. അദ്ദേഹം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. തങ്ങൾ യുദ്ധത്തിനൊപ്പം ജീവിക്കുന്നവരാണ്. തങ്ങളേക്കാൾ സമാധാനം ആഗ്രഹിക്കുന്നവരായി ആരും ഉണ്ടാവില്ല. ഇത് സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടമാണെന്നും സെലൻസ്‌കി എക്സിലൂടെ വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ ഇന്നലെ നടന്ന നിർണായക കൂടിക്കാഴ്ചയിലായിരുന്നു നേതാക്കൾ തമ്മിലുള്ള വാഗ്വാദം. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയ്ൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലൻസ്‌കിയുടെ മറുപടി. ഇത് ട്രംപിനെ കൂടുതൽ പ്രകോപിപ്പിച്ചു. പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടന്നു. സെലൻസ്‌കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു.
മാധ്യമങ്ങൾക്കുമുന്നിൽ നടന്ന ചർച്ചയില്‍ ട്രംപും വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും യുക്രൈന്‍ പ്രസിഡന്‍റ് സെലൻസ്‌കിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലൻസ്‌കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവൻ വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇത് തൻ്റെ രാജ്യത്തോട് കാണിക്കുന്ന അനാദരവാണെന്നും ട്രംപ് പറഞ്ഞു.
"ഞങ്ങൾ നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി, ഞങ്ങൾ നിങ്ങൾക്ക് സൈനിക ഉപകരണങ്ങൾ നൽകി, ധാരാളം പിന്തുണയും നൽകി. ഞങ്ങളുടെ സൈനിക ഉപകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമായിരുന്നു" ട്രംപ് പറഞ്ഞു. ഇതിന് മറുപടിയായി താൻ ഇതേ വാക്കുകൾ തന്നെയാണ് പുടിനിൽ നിന്നും കേട്ടിട്ടുള്ളത് എന്നാണ് സെലൻസ്‌കി പറഞ്ഞത്. വാഗ്വാദങ്ങൾക്കൊടുവിൽ കരാറിൽ ഒപ്പിടാതെ സെലൻസ്‌കി മടങ്ങുകയും ചെയ്തു. പിന്നാലെ സെലൻസ്‌കി ഓഫീസിനോട് അനാദരവ് കാട്ടിയെന്നും സമാധാനത്തിന് തയ്യാറാകുമ്പോൾ അദ്ദേഹത്തിന് തിരിച്ചുവരാമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
Content Highlights: Volodymir Zelenskyy Says Thanks to America and to Donald Trump