
വാഷിങ്ടൺ: യുക്രെയ്നുളള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക നിർത്തിവച്ചതായി വൈറ്റ് ഹൗസ്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വാക്കുതർക്കത്തിൽ കലാശിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം.
സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. 'നമ്മുടെ പങ്കാളികളും ആ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കേണ്ടത് അത്യാവശ്യമാണ്. യുക്രെയ്നുളള എല്ലാ സൈനിക സഹായങ്ങളും നിർത്തിവെയ്ക്കുന്നത് താത്കാലികമായി മാത്രമാണ്. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ വളരെ അകലെയാണെന്ന് സെലെൻസ്‌കി അടുത്തിടെ പറയുകയുണ്ടായി. സെലെൻസ്‌കി- ട്രംപ് ബന്ധം വഷളായിട്ടും അമേരിക്ക യുക്രെയ്‌നുളള സഹായത്തിൽ വിട്ടുവീഴ്ച ചെയ്തില്ലെന്നും' വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
യുക്രൈനിലെ ധാതു വിഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു. വാഷിങ്ടണില്‍ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രെയ്‌ന്റെ നിലപാട് കേള്‍ക്കണം എന്നത് മാത്രമാണ് ആഗ്രഹമെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. യുക്രെയ്‌നും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടത്. പക്ഷേ യുഎസും യുക്രെയ്‌നും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിച്ചു. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ക്ഷണിച്ചാല്‍ താന്‍ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. പക്ഷേ യുക്രെയ്‌ന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുനല്‍കില്ലെന്നും സെലന്‍സ്‌കി നിലപാട് വ്യക്തമാക്കിയിരുന്നു.
വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരില്‍ കലാശിച്ചതിന് തൊട്ടുപിന്നാലെ സെലന്‍സ്‌കി നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. അമേരിക്കയ്ക്കും ട്രംപിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു സെലന്‍സ്‌കി രംഗത്തെത്തിയത്. അമേരിക്ക നല്‍കിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി പറയുന്നതായി സെലന്‍സ്‌കി പറഞ്ഞിരുന്നു.
മാർച്ച് 1നാണ് വൈറ്റ് ഹൗസില്‍ ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. തുടക്കത്തില്‍ സമാധാനപരമായി തുടങ്ങിയ ചര്‍ച്ച പിന്നീട് വാഗ്വാദത്തിലാണ് കലാശിച്ചത്. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് സെലന്‍സ്‌കിയെ ചൊടിപ്പിച്ചു. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടക്കുകയായിരുന്നു. സെലന്‍സ്‌കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലന്‍സ്‌കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.
Content Highlights: Report says, Donald Trump Pauses Military Aid To Ukraine