
വാഷിങ്ടണ്‍: ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ബന്ദികളെയും കൊലചെയ്യപ്പെട്ട ആളുകളുടെ മൃതദേഹങ്ങളും ഹമാസ് ഉടന്‍ കൈമാറണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് ഇതിന് സഹകരിച്ചില്ലെങ്കില്‍ ഇസ്രയേലിന് തിരിച്ചടിക്കാനുള്ള സഹായം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ജോലി പൂർത്തിയാക്കാൻ ഇസ്രായേലിന് ആവശ്യമായതെല്ലാം ഞാൻ അയക്കുന്നു. നിങ്ങൾ ഞാൻ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗവും സുരക്ഷിതരായിരിക്കില്ലെന്ന് ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിൽ കുറിച്ചു.
'ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്. ഹമാസ് നേതൃത്വത്തിന് ഗാസ വിടാനുള്ള സമയമായിരിക്കുന്നു. ഇപ്പോഴും നിങ്ങള്‍ക്ക് അവസരമുണ്ട്. ഗാസയിലെ ജനങ്ങൾക്ക് മനോഹരമായ ഒരു ഭാവി കാത്തിരിക്കുന്നുണ്ട്. പക്ഷേ, നിങ്ങള്‍ ബന്ദികളെ പിടിച്ചുവെച്ചാല്‍ അത് യാഥാര്‍ഥ്യമാകില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിച്ചു എന്ന് കരുതിയാല്‍ മതി'യെന്നും ട്രംപ് കുറിച്ചു.
ഹമാസുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി യുഎസ് നേരിട്ട് ചർച്ചകൾ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. 1997 മുതൽ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചർച്ച നടത്തുന്നത്.
Content Highlights: Trump issues 'last warning' to Hamas as US confirms direct hostage talks