ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഒന്നിച്ചു പ്രവര്‍ത്തിക്കണം; ഇന്ത്യയുടെ സഹകരണം തേടി ചൈന

'ചൈനയും ഇന്ത്യയും പരസ്പര വിജയത്തിന് സംഭാവന നൽകുന്ന പങ്കാളികളാണെന്ന് ഞാൻ വിശ്വസിക്കുന്നു'

dot image

ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. യുഎസുമായും പാശ്ചാത്യ രാജ്യങ്ങളുമായും വ്യാപാര യുദ്ധം തുടരുന്നതിനിടയിലാണ് സുപ്രധാന പരാമർശവുമായി വാങ് യി രം​ഗത്തെത്തിയിരിക്കുന്നത്.

ചൈനയും ഇന്ത്യയും പരസ്പര വിജയത്തിന് സംഭാവന നൽകുന്ന പങ്കാളികളാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിർക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും നേതൃത്വം വഹിക്കാന്‍ സാധിക്കും. രണ്ട് വലിയ വികസ്വര രാജ്യങ്ങൾ എന്ന നിലയിൽ, നമ്മുടെ രാജ്യങ്ങളുടെ വികസനവും പുനരുജ്ജീവനവും ത്വരിതപ്പെടുത്തുന്നതാൻ നമ്മുക്ക് സാധിക്കും. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കും. പരസ്പരം താഴ്ത്തിക്കെട്ടുന്നതിനു പകരം പിന്തുണയ്ച്ചാൽ ഇരുരാ​ജ്യങ്ങൾക്കും പ്രയോജനമുണ്ടാകുമെന്നും വാങ് യി പറഞ്ഞു. ബെയ്ജിങിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ മൂന്നാം സെഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വാങ് യിയുടെ ആഹ്വാനം. പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ നഗരമായ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രണ്ടുതവണ വാങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനയ്‌ക്കെതിരായ താരിഫ് വർദ്ധിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. വാഷിംഗ്ടണുമായുള്ള ഏത് യുദ്ധത്തിനും ബീജിംഗ് തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സമീപ ദിവസങ്ങളിൽ മറുപടി നൽകുകയും ചെയ്തിരുന്നു. യുഎസ് ആഗ്രഹിക്കുന്നത് യുദ്ധമാണെങ്കിൽ, അത് ഒരു താരിഫ് യുദ്ധമായാലും, ഒരു വ്യാപാര യുദ്ധമായാലും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമായാലും, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണെന്ന് ആയിരുന്നു ചൈനയുടെ മറുപടി.

Content Highlights: Chinese Foreign Minister Wang Yi Says, We must work together to overcome the tariff war

dot image
To advertise here,contact us
dot image