
കീവ്: സമാധാന ചർച്ചകൾക്കിടെ യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ. മിസൈൽ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നാൽപതിലധികം പേർക്ക് പരിക്കുണ്ട്. ഖർകീവിലും ഒഡേസയിലും വീടുകൾ തകർന്നു. ഡൊണട്സ്കിൽ 11 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി പറഞ്ഞു. കിവിയിൽ വെച്ച് നടന്ന യുക്രെയ്ൻ-യുകെ നയതന്ത്രജ്ഞർ തമ്മിൽ നടത്തിയ ചർച്ചയിലാണ് വ്ളാഡിമിർ സെലൻസ്കി ഇക്കാര്യം പറഞ്ഞത്. സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം, അതിനുളള നടപടികൾ ഒരുമിച്ച് കൈകൊളളണമെന്നും സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കൻ പ്രതിനിധികളുമായി യുക്രെയ്ൻ പ്രതിനിധികൾ ചർച്ച നടത്താനിരിക്കെയാണ് സെലൻസ്കിയുടെ പ്രസ്താവന.
'കീവിൽ വച്ച് യുക്രെയ്നിലെയും യുകെയിലും നയതന്ത്ര ഉദ്യേഗസ്ഥർ തമ്മിൽ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്', സെലൻസ്കി പറഞ്ഞു.
ഫെബ്രുവരി 17 ന് യുദ്ധം അവസാനിപ്പിക്കാനായി സൗദിയിൽ നടന്ന റഷ്യ-യുഎസ് ചര്‍ച്ചയിൽ യുക്രെയ്നെ ഉൾപ്പെടുത്തിയിരുന്നില്ല. യുഎസിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. യുക്രെയ്‌നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്നാണ് വ്ളാഡിമിർ സെലൻസ്കി അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ റഷ്യ-യുഎസ് ഉച്ചകോടി ഉയർന്ന നിലവാരം പുലർത്തിയെന്നായിരുന്നു പുടിൻ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നത്. സാമ്പത്തിക വിഷയങ്ങൾ, ഊർജ്ജ വിപണികൾ, ബഹിരാകാശം, മറ്റ് മേഖലകൾ എന്നിവയിൽ റഷ്യയും യുഎസും സഹകരിക്കുന്നുവെന്നും പുടിൻ പറഞ്ഞിരുന്നു.
Content Highlights: Russian Strikes Kill at least 25 Says Uukraine