പാകിസ്താനിൽ ട്രെയിനിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ തുടരുന്നു

നാനൂറോളം പേരുമായി ക്വറ്റയിൽ നിന്നും പെഷവാറിലേയ്ക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ചൊവ്വാഴ്ചയാണ് ബലൂച് ലിബറേഷൻ ആർമി ആക്രമിച്ചത്

dot image

ഇസ്ലാമബാദ്: പാകിസ്താനിൽ ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ 30 സൈനികർ കൊല്ലപ്പെട്ടെന്നും 104 തടവുകാരെ മോചിപ്പിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റമുട്ടലിൽ 16 ബലൂച് ലിബറേഷൻ ആ‌ർമി ഭീകരരെ വധിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇപ്പോഴും തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന ജാഫർ എക്സ്പ്രസിലെ നൂറിലധികം ബന്ദികളെ ഇനിയും മോചിപ്പിക്കാനുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള സൈന്യത്തിൻ്റെ ഓപ്പറേഷൻ തുടരുകയാണ്.

നേരത്തെ ട്രെയിനിലുണ്ടായിരുന്ന ബന്ദികളിൽ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ബലൂചിസ്താനികൾ എന്നിവരെ ബിഎൽഎ സായുധസംഘം വിട്ടയച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 43 പുരുഷന്മാരെയും 26 സ്ത്രീകളെയും 11 കുട്ടികളെയും രക്ഷപ്പെടുത്തിയെന്നും പാകിസ്താൻ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. പാക് സൈന്യം, രഹസ്യാന്വേഷണ സേന, ഭീകരവിരുദ്ധ സേന അടക്കമുള്ളവരെയാണ് ബിഎൽഎ ബന്ദികളാക്കിയിരിക്കുന്നത്. ട്രെയിനിൽ ഉണ്ടായിരുന്ന മുഴുവൻ സൈനികരുടെയും പട്ടിക ബിഎൽഎ പുറത്ത് വിട്ടിട്ടുണ്ട്. വ്യോമാക്രമണം പാടില്ലെന്ന ബലൂച് ലിബറേഷൻ ആർമിയുടെ ഭീഷണി അവ​ഗണിച്ചാണ് ബന്ദികളെ മോചിപ്പിക്കാനുള്ള പോരാട്ടം പാകിസ്താൻ സൈന്യം ആരംഭിച്ചത്.

നാനൂറോളം പേരുമായി ക്വറ്റയിൽ നിന്നും പെഷവാറിലേയ്ക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ചൊവ്വാഴ്ചയാണ് ബലൂച് ലിബറേഷൻ ആർമി ആക്രമിച്ചത്. ടണലിനുള്ളിൽ ട്രെയിൻ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. സുരക്ഷാ ചുമതലയിലുള്ളവർ അടക്കം യാത്രക്കാരിൽ 214 പേരെ ബിഎൽഎ ബന്ദികളാക്കുകയായിരുന്നു. എന്നാൽ ബിഎൽഎയുടെ ഈ അവകാശവാദം ഔദ്യോ​ഗികമായി ശരിവെയ്ക്കപ്പെട്ടിട്ടില്ല. ബിഎൽഎ സായുധസംഘം 35 യാത്രക്കാരെ ബന്ദികളാക്കിയെന്നും 350ഓളം യാത്രക്കാർ സുരക്ഷിതരാണെന്നും പ്രാദേശിക പൊലീസ് അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ ബലൂച് രാഷ്ട്രീയ തടവുകാരെയും പാകിസ്താൻ സൈന്യം തട്ടിക്കൊണ്ടുപോയ ആക്ടിവിസ്റ്റുകളെയും കാണാതായവരെയും 48 മണിക്കൂറിനകം വിട്ടയച്ചില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്ന് ബിഎൽഎ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. സൈനിക നടപടി തുടരുകയാണെങ്കിൽ മുഴുവൻ ബന്ദികളെയും വധിക്കുമെന്നും ട്രെയിൻ പൂർണമായും നശിപ്പിക്കുമെന്നും ബിഎൽഎ സായുധസംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: Baloch separatists hijack train, kill 20 Pak soldiers, take 182 hostages

dot image
To advertise here,contact us
dot image