50 വർഷം പഴക്കമുള്ള അമേരിക്കയിലെ കൊലപാതകം; ചുരുളഴിച്ചത് പഴയ കാസറ്റ് ടേപ്പും ഫോട്ടോയും

റോസൻ സ്റ്റർട്‌സിന്റെ ഫോട്ടോ ഡേവിസിന് ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല

dot image

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡ് സ്വദേശി റോസൻ സ്റ്റർട്‌സിന്റെ കൊലപാതക കേസിൽ ഒടുവിൽ പ്രതിയെ കണ്ടെത്തി പൊലീസ്. 50 വർഷം പഴക്കമുള്ള ഈ കേസിൽ ഒരു കാസറ്റ് ടേപ്പും, മരണപ്പെട്ട പെൺകുട്ടിയുടെ ഫോട്ടോയും ആണ് പൊലീസിന് കേസ് തെളിയിക്കാൻ സഹായകമായത്. പുറത്ത് വരുന്ന റിപ്പോ‍ർട്ടുകൾ പ്രകാരം സ്റ്റർട്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു അരനൂറ്റാണ്ടോളം പഴക്കമുള്ള കൊലപതാക കേസിൽ പൊലീസ് അന്വേഷണം പുനരാരംഭിക്കുന്നത്. പൊലീസ് അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളിയായി കണ്ടെത്തി ഇതിനകം തടവിലാക്കപ്പെട്ട ചാൾസ് വില്യം ഡേവിസ് ജൂനിയറിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി തെളിവുകൾ അ‌ന്വേഷണ സംഘം കണ്ടെത്തി.

അതിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവ് 1981-ലെ ഒരു ഓഡിയോ ടേപ്പ് ആയിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ഒരു പ്രധാന തെളിവായിരുന്നു ഇത്. അന്ന് ജെസ്സപ്പ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ തടവുകാരനായിരുന്ന ഡേവിസ് പ്രോസിക്യൂഷനിൽ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിന് പകരമായി കൊലപാതകത്തെക്കുറിച്ച് ഇതിൽ ചർച്ച ചെയ്തിരുന്നു. കേസന്വേഷണത്തിൻ്റെ ഭാ​ഗമായി കൊല്ലപ്പെട്ട റോസൻ സ്റ്റർട്‌സിന്റെ ഫോട്ടോ നേരത്തെ ഡേവിസിനെ കാണിച്ചിരുന്നു. എന്നാൽ കൊല്ലപ്പെടുന്നതിന് വർഷങ്ങൾക്ക് മുമ്പുള്ള റോസൻ്റെ ഫോട്ടോയായിരുന്നു ഡേവിസിനെ കാണിച്ചത്. അന്നത് ഡേവിസിന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ 44 വർഷങ്ങൾക്ക് ശേഷം ഹോവാർഡ് കൗണ്ടി പോലീസ് കമ്മീഷണർ, വേഡ് സുഫാൾ ഡേവിസിനടുത്തേക്ക് വീണ്ടും എത്തുകയും കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് എടുത്ത സ്റ്റർട്സിന്റെ ഏറ്റവും പുതിയ ഫോട്ടോ ഡേവിസിനെ കാണിച്ച് കൊടുക്കുകയുമായിരുന്നു.

സ്റ്റർട്സിന്റെ ആ ഫോട്ടോ ഡേവിസ് തിരിച്ചറിയുകയും, കുറ്റകൃത്യം ഏറ്റ് പറയുകയും ചെയ്തു. സ്റ്റർട്സ് തന്റെ ഇരകളിൽ ഒരാളാണെന്നാണ് ഡേവിസ് പൊലീസിനോട് പറഞ്ഞത്. 2024 മുതൽ നടത്തിയ അന്വേഷണത്തിൽ കേസിന്റെ എല്ലാ വിശദാംശങ്ങളും ലഭിച്ചെന്നും, വർഷങ്ങളായുള്ള ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടെന്നും സ്റ്റർട്സിന്റെ കുടുംബവും പ്രതികരിച്ചു.

ബാറിൽ ഡേവിസും സ്റ്റർട്ട്സും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും അതാണ് സ്റ്റർട്സിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. 1981ൽ കേസുമായി ബന്ധപ്പെട്ട് ചില പ്രതികളെ സംശയിച്ചെങ്കിലും ഡേവിസിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു . ഇതോടെയാണ് 50 വർഷം പഴക്കമുള്ള കൊലപാതക കേസ് തെളിഞ്ഞത്.

Content Highlights :Evidence: Old cassette tape and photo; 50-year-old US murder mystery unravels

dot image
To advertise here,contact us
dot image