
വാഴ്‌സാ: മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിലെ അംഗമായ 35കാരി പോളണ്ടിൽ അറസ്റ്റിൽ. അവയവക്കടത്തിന് കസാഖിസ്ഥാനില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട യുക്രൈന്‍ യുവതിയെയാണ് പോളിഷ് ബോര്‍ഡര്‍ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെ പേര് ഇതുവരെ പോളിഷ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ നോട്ടീസ് നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
പോളണ്ടിനും യുക്രൈനും ഇടയിലുള്ള റെയിൽവേ ക്രോസിങ്ങിൽ വെച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 2020 മുതല്‍ യുവതിയെ ഇന്റര്‍പോള്‍ തിരയുകയാണെന്നും 2017 മുതല്‍ 2019 വരെ മനുഷ്യാവയവങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിനും കരിഞ്ചന്തയില്‍ കൊണ്ടുപോയി വിറ്റതിനുമാണ് യുവതി കസാഖിസ്ഥാനില്‍ ശിക്ഷിക്കപ്പെട്ടതെന്നും പ്രോസിക്യൂട്ടര്‍ ഓഫീസിലെ വക്താവ് മാര്‍ത പെറ്റ്കോവ്സ്‌ക പറഞ്ഞു.
കസാഖ്‌സ്താന്‍, അര്‍മേനിയ, അസെര്‍ബെയ്ജാന്‍, യുക്രൈന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, ഉസ്ബെകിസ്താന്‍, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 56 ആളുകളുടെ വൃക്കകള്‍ അനധികൃതമായി യുവതി സ്വന്തമാക്കിയത്. ലഭിക്കുന്ന വൃക്കകൾ പിന്നീട് തന്റെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുകയും യുവതി ചെയ്തിരുന്നു. അവയവക്കടത്ത് ഇവര്‍ വരുമാന മാര്‍ഗമാക്കി മാറ്റുകയും ചെയ്തു.
Content Highlights : Ukrainian woman arrested in Poland for illegally selling 56 kidneys