
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) റോക്കറ്റ് കുതിച്ചുയര്‍ന്നത്.
സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നീ നാല് ക്രൂ അംഗങ്ങളെയാണ് ദൗത്യത്തിനായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരിക്കുന്നത്. മാര്‍ച്ച് 19 ബുധനാഴ്ച ആയിരിക്കും സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തുന്നതെന്നാണ് റിപ്പോർട്ട്.
Have a great time in space, y'all!
— NASA (@NASA) March 14, 2025
#Crew10 lifted off from @NASAKennedy at 7:03pm ET (2303 UTC) on Friday, March 14. pic.twitter.com/9Vf7VVeGev
സുനിതാ വില്യംസിനെയും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകത്തിന്‍റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം.
ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്.
Content Highlights: NASA, SpaceX Launch Crew-10 Mission To Bring Sunita Williams