മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സെയ്ദ് കൊല്ലപ്പെട്ടു? കൂട്ടാളി അബു ഖത്തലും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

ചില സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇയാള്‍ കൊല്ലപ്പെട്ടതായും മറ്റ് ചിലര്‍ ഇയാള്‍ ജീവനോടെയുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്

dot image

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ അജ്ഞാതന്റെ വെടിയേറ്റാണ് ജമാഅത്ത് -ഉദ്-ദവ നേതാവ് ഹാഫിസ് സെയ്ദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ജമാഅത്ത് -ഉദ് -ദവയുടെ മറ്റൊരു മുതിര്‍ന്ന നേതാവിനെ ലക്ഷ്യം വെച്ച് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ ഭരണകൂടം ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സെയ്ദിന്റെ മകന്‍ തല്‍ഹ സെയ്ദുമായി സംസാരിച്ചെന്നും തന്റെ പിതാവ് സുരക്ഷിതനാണെന്ന് തല്‍ഹ അറിയിച്ചെന്നും പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവ് സമദ് യാക്കൂബ് പറഞ്ഞതായി നവ്ഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാഫിസ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചില സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇയാള്‍ കൊല്ലപ്പെട്ടതായും മറ്റ് ചിലര്‍ ഇയാള്‍ ജീവനോടെയുണ്ടെന്നുമാണ് വാദിക്കുന്നത്.

അതേസമയം സെയ്ദിന്റെ കൂട്ടാളിയും ലെഷ്‌കര്‍-ഇ-തെയ്ബയുടെ നേതാവുമായ അബു ഖത്തലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒമ്പതിന് ജമ്മു കശ്മീരിലെ റീസി ജില്ലയിലെ ശിവ ഖോരി ക്ഷേത്രത്തില്‍ നിന്നും തിരിച്ചുവന്ന ഭക്തരുടെ സംഘമടങ്ങിയ ബസിന് നേരെയുള്ള ആക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ് ഖത്തല്‍. 2023ലെ രജൗരി ആക്രമണത്തിലും ഖത്തലിന്റെ ഇടപെടലുണ്ടായെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു.

Content Highlights: Report says Mumbai terrorist attack mastermind Hafiz Saeed killed in Pakistan

dot image
To advertise here,contact us
dot image