'നിങ്ങളുടെ സമയം അവസാനിച്ചിരിക്കുന്നു'; യമനിലെ ഹൂതികൾക്കെതിരെ ട്രംപിന്റെ നടപടി, ഇറാനും മുന്നറിയിപ്പ്

ഹൂതികൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി

dot image

വാഷിങ്ടണ്‍: ഇസ്രായേൽ ആക്രമണ ഭീഷണിക്ക് പിന്നാലെ യെമനിലെ സനായിൽ ആക്രമണം നടത്തി അമേരിക്ക. ചെങ്കടലിലെ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഭീഷണി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലാണ് ആക്രമണം. സംഭവത്തിൽ കുറഞ്ഞത് 23 പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹൂതികൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയി‌ട്ടുണ്ട്. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗണ്ടിൽ കുറിച്ചു. ഹൂതികളോട് നിങ്ങളുടെ സമയം അവസാനിച്ചിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യെമനിലെ ഹൂതി ഭീകരർക്കെതിരെ നിർണ്ണായകവും ശക്തവുമായ സൈനിക നടപടി ആരംഭിക്കാൻ അമേരിക്കൻ സൈന്യത്തോട് ഉത്തരവിട്ടിരിക്കുകയാണ്. ഹൂതികൾ അമേരിക്കക്കാർക്കും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്കും വിമാനങ്ങൾക്കും ഡ്രോണുകൾക്കുമെതിരെ നിഷ്ഠൂരമായ ആക്രമണം നടത്തുകയാണെന്നും ‌ട്രംപ് തന്റെ ട്രൂത്ത് അക്കൗണ്ടിൽ കുറിച്ചു.

ഹൂതികൾക്കെതിരായ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ദുർബലമായ പ്രതികരണത്തെയും ട്രംപ് വിമർശിച്ചു. യുഎസ് സൈനിക, വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ യുഎസിന്റെ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നും ട്രംപ് കുറിച്ചു. അമേരിക്കൻ പതാകയുളള ഒരു വാണിജ്യ കപ്പൽ സൂയസ് കനാലിലൂ‌ടെയോ, ചെങ്കടിലൂ‌ടെയോ, ഏദൻ ഉൾക്കടലിലൂ‌ടെയോ സുരക്ഷിതമായി സഞ്ചരിച്ചിട്ട് ഒരു വർഷത്തിലേറെയായി‌. നാല് മാസം മുമ്പ് ചെങ്കടലിലൂടെ കടന്നുപോയ അവസാന അമേരിക്കൻ യുദ്ധക്കപ്പൽ ഹൂതികൾ ആക്രമിച്ചിരുന്നു. കൂ‌ടാതെ യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിടുകയും യുഎസ് സൈനികരെയും സഖ്യകക്ഷികളെയും ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്നു. ഇറാന്റെെ ധനസഹായത്തോടെ ആയിരുന്നു അത്. നിരന്തരമായ ഈ ആക്രമണങ്ങൾ യുഎസിനും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇത് നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തി‌ട്ടുണ്ട്.

അമേരിക്കൻ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം അനുവദിക്കില്ല. ഹൂതികൾ ആഗോള വാണിജ്യത്തിന്റെ വിശാലമായ ഭാഗങ്ങൾ സ്തംഭിപ്പിച്ചു. അന്താരാഷ്ട്ര വ്യാപാരവും വാണിജ്യവും ആശ്രയിക്കുന്ന നാവിഗേഷൻ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വത്തെ ആക്രമിച്ചു. അമേരിക്കയിലെ സൈനികർ ഇപ്പോൾ തീവ്രവാദികളുടെ താവളങ്ങളിൽ വ്യോമാക്രമണം നടത്തുകയാണ്. അമേരിക്കൻ കപ്പൽ, വ്യോമ, നാവിക ആസ്തികളെ സംരക്ഷിക്കുന്നതിനും നാവിഗേഷൻ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുമായാണ് ഇത്. ലോകത്തിലെ ജലപാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിൽ നിന്ന് അമേരിക്കൻ വാണിജ്യ, നാവിക കപ്പലുകളെ ഒരു തീവ്രവാദ ശക്തിക്കും തടയാനാവില്ല. എല്ലാ ഹൂതി ഭീകരമാരു‌ടെയും സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണങ്ങൾ ഇന്ന് മുതൽ അവസാനിപ്പിക്കണമെന്നും ട്രംപ് കുറിച്ചു. ഹൂതി ഭീകരർക്കുള്ള പിന്തുണ ഉടൻ അവസാനിപ്പിക്കണമെന്നാണ് ഇറാനുളള ട്രംപിന്റെ മുന്നറിയിപ്പ്.

Content Highlights: Donald Trump Orders US Strikes Against Houthi Militant Sites in Yemen

dot image
To advertise here,contact us
dot image