കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ

ഇരുവരും ട്രൂഡോ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു

dot image

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ ഇടംനേടി. ഇന്ത്യൻ വംശജരായ അനിത ആനന്ദ്, കമൽ ഖേര എന്നിവരാണ് കാർണിയുടെ മന്ത്രിസഭയിൽ ഇടംപിടിച്ചത്. ഇന്നൊവേഷൻ, ശാസ്ത്രം, വ്യവസായം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് 58 കാരിയായ അനിത ആനന്ദ്. 36കാരിയായ കമൽ ഖേര ആരോഗ്യവകുപ്പ് മന്ത്രിയാണ്. മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ മന്ത്രിയിലും അംഗങ്ങളായിരുന്നു ഇരുവരും.

സ്കൂൾ പഠനകാലത്തുതന്നെ കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറിയ കമൽ ഖേര ഡൽഹിയിലാണ് ജനിച്ചത്. ടൊറന്റോയിലെ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ് ബിരുദം നേടി. കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാൾ കൂടിയാണ് കമൽ ഖേര. ബ്രാംപ്ടൺ വെസ്റ്റിൽ നിന്നുള്ള എംപിയായി 2015-ലാണ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അന്താരാഷ്ട്ര വികസന മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും, ദേശീയ റവന്യൂ മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും, ആരോഗ്യ മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായും കമൽ ഖേര സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശത്തിന് മുൻപ് ടൊറന്റോയിലെ സെന്റ് ജോസഫ്സ് ഹെൽത്ത് സെന്ററിലെ ഓങ്കോളജി വിഭാഗത്തിൽ കമൽ ഖേര നഴ്‌സായി ജോലി ചെയ്തിരുന്നു.

ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനുശേഷം അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ ഒരാളായിരുന്നു അനിത ആനന്ദ്. നോവ സ്കോട്ടിയയിലാണ് അനിത ആനന്ദ് ജനിച്ചു വളർന്നത്. 1985-ലാണ് ഇവർ ഒറാൻ്റിയോയിലേയ്ക്ക് താമസം മാറിയത്. രാഷ്ട്രീയ പ്രവേശത്തിന് മുൻപ് അഭിഭാഷകയായും, ഗവേഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടൊറന്റോ സർവകലാശാലയിൽ നിയമ അധ്യാപികയായും ജോലി ചെയ്തിരുന്നു. 2019 ൽ ഓക്ക്‌വില്ലെയിൽ നിന്നാണ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. എംപിയായതിന് ശേഷം ട്രഷറി ബോർഡ് പ്രസിഡന്റ്, ദേശീയ പ്രതിരോധ മന്ത്രി, പൊതു സേവന സംഭരണ ​​മന്ത്രി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

13 പുരുഷന്മാരും 11 സ്ത്രീകളുമാണ് മാർക്ക് കാർണിയുടെ മന്ത്രിസഭയിലുളളത്. ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയിരുന്നില്ല.

Content Highlights: Two Indian-origin women in Canadian Prime Minister Mark Carney's cabinet

dot image
To advertise here,contact us
dot image