യെമനിലെ ഹൂതികൾക്കെതിരായ യുഎസ് വ്യോമാക്രമണം; 53 പേർ കൊല്ലപ്പെട്ടു, ആക്രമണം നിർത്താൻ ആവശ്യപ്പെട്ട് യുഎൻ

ആക്രമണത്തിൽ 100 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്

dot image

യെമൻ: യെമനിലെ ഹൂതികൾക്കെതിരായ അമേരിക്കയുടെ വ്യോമാക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 100 ഓളം പേർക്ക് പരിക്കേറ്റതായും മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും യെമനിലെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യെമൻ തലസ്ഥാനമായ സന, സൗദി അറേബ്യയുടെ അതിർത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ, മറ്റ് പ്രവിശ്യകളിലുമെല്ലാം അമേരിക്ക വ്യോമാക്രമണം നടത്തി.

അതേ സമയം, അമേരിക്കയുടെ എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ​ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്. അറബ് ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായ യെമനിലെ മാനുഷിക സാഹചര്യത്തിന് ഗുരുതരമായ അപകടസാധ്യതകളാണ് ഇതിലൂടെ ഉണ്ടാകുക എന്നും അൻ്റോണിയോ ​ഗുട്ടറസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് ഹൂതി ഭീകരർക്കെതിരെ നിർണായകവും ശക്തവുമായ സൈനിക നടപടി ആരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത്. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കുമെതിരെയാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഹൂതികളോട് നിങ്ങളുടെ സമയം അവസാനിച്ചിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഹൂതികൾ അമേരിക്കക്കാർക്കും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്കും വിമാനങ്ങൾക്കും ഡ്രോണുകൾക്കുമെതിരെ നിഷ്ഠൂരമായ ആക്രമണം നടത്തുകയാണെന്നുമാണ് ‌ട്രംപിന്റെ വാദം.

ഹൂതികൾക്കെതിരായ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ദുർബലമായ പ്രതികരണത്തെയും ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. യുഎസ് സൈനിക, വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ യുഎസിന്റെ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നും ട്രംപ് കുറിച്ചു. അമേരിക്കൻ പതാകയുളള ഒരു വാണിജ്യ കപ്പൽ സൂയസ് കനാലിലൂ‌ടെയോ, ചെങ്കടലിലൂ‌ടെയോ, ഏദൻ ഉൾക്കടലിലൂ‌ടെയോ സുരക്ഷിതമായി സഞ്ചരിച്ചിട്ട് ഒരു വർഷത്തിലേറെയായി‌. നാല് മാസം മുമ്പ് ചെങ്കടലിലൂടെ കടന്നുപോയ അവസാന അമേരിക്കൻ യുദ്ധക്കപ്പൽ ഹൂതികൾ ആക്രമിച്ചിരുന്നു. കൂ‌ടാതെ യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിടുകയും യുഎസ് സൈനികരെയും സഖ്യകക്ഷികളെയും ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്നു. ഇറാന്റെെ ധനസഹായത്തോടെ ആണ് ഹൂതികളുടെ പ്രവർത്തനം. നിരന്തരമായ ഈ ആക്രമണങ്ങൾ യുഎസിനും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നഷ്ടങ്ങളാണ് വരുത്തിവെച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കൻ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം അനുവദിക്കില്ല. ഹൂതികൾ ആഗോള വാണിജ്യത്തിന്റെ വിശാലമായ ഭാഗങ്ങൾ സ്തംഭിപ്പിച്ചു. അന്താരാഷ്ട്ര വ്യാപാരവും വാണിജ്യവും ആശ്രയിക്കുന്ന നാവിഗേഷൻ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വത്തെ ആക്രമിച്ചു. അമേരിക്കയിലെ സൈനികർ ഇപ്പോൾ തീവ്രവാദികളുടെ താവളങ്ങളിൽ വ്യോമാക്രമണം നടത്തുകയാണ്. അമേരിക്കൻ കപ്പൽ, വ്യോമ, നാവിക ആസ്തികളെ സംരക്ഷിക്കുന്നതിനും നാവിഗേഷൻ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുമായാണ് ഇത്. ലോകത്തിലെ ജലപാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിൽ നിന്ന് അമേരിക്കൻ വാണിജ്യ, നാവിക കപ്പലുകളെ ഒരു തീവ്രവാദ ശക്തിക്കും തടയാനാവില്ല. എല്ലാ ഹൂതി ഭീകരമാരു‌ടെയും സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണങ്ങൾ ഇന്ന് മുതൽ അവസാനിപ്പിക്കണമെന്നും ട്രംപ് കുറിച്ചു. ഹൂതി ഭീകരർക്കുള്ള പിന്തുണ ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകിയി‌രുന്നു.

Content Highlights: US airstrikes on Yemen's Houthis kill at least 53; UN calls for restraint

dot image
To advertise here,contact us
dot image