'ഡ്രാഗണിനും ആനയ്ക്കും ഇടയിലുള്ള ബാലെ നൃത്തം'; നരേന്ദ്ര മോദിയുടെ അഭിപ്രായത്തോട് പ്രതികരിച്ച് ചൈന

2000 വർഷത്തിലേറെ പഴക്കമുള്ള ഇടപെടലുകളുടെ ചരിത്രത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദപരമായ കൈമാറ്റങ്ങൾ നിലനിർത്തിയിട്ടുണ്ട് എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്

dot image

ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള സമീപകാല ചർച്ചകൾക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ സാധാരണ നില തിരിച്ചെത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തോട് പ്രതികരിച്ച് ചൈന. 'ഡ്രാഗണിനും ആനയ്ക്കും ഇടയിലുള്ള ബാലെ നൃത്തം' എന്നായിരുന്നു ചൈനയുടെ പ്രതികരണം. പരസ്പര സഹകരണമാണ് ഇരുരാജ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ചൈനയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിലായിരുന്നു ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് നരേന്ദ്ര മോദി പ്രതികരിച്ചത്.

"2000 വർഷത്തിലേറെ പഴക്കമുള്ള ഇടപെടലുകളുടെ ചരിത്രത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദപരമായ കൈമാറ്റങ്ങൾ നിലനിർത്തിയിട്ടുണ്ട് എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഒക്ടോബറിൽ റഷ്യയിലെ കസാനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന വിജയകരമായ കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസനത്തിനും തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകിയതായും ചൈനീസ് വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു.

കിഴക്കൻ ലഡാക്കിൽ 2020-ൽ ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തിടെ നടത്തിയ ചർച്ചയെക്കുറിച്ച് പോഡ്കാസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ചർച്ചകൾക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി സാധാരണ നിലയിലായെന്നും മോദി വ്യക്തമാക്കിയിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ശ്രദ്ധ. അതിനാണ് ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നത്. അഭിപ്രായ വ്യത്യാസത്തിനുപകരം സംഭാഷണത്തിന് ഞങ്ങൾ ഊന്നൽ നൽകുന്നു. കാരണം സംഭാഷണത്തിലൂടെ മാത്രമേ ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്ന സുസ്ഥിരവും സഹകരണപരവുമായ ബന്ധം കെട്ടിപ്പടുക്കാൻ കഴിയൂ എന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി മോദി ലെക്സ് ഫ്രിഡ്മാനോട് പറഞ്ഞിരുന്നു.

Content Highlights: Ballet Dance Between Dragon, Elephant China Reacts To Narendra Modi's Comments

dot image
To advertise here,contact us
dot image