'മകളെ മരിച്ചതായി പ്രഖ്യാപിക്കണം'; അധികൃതര്‍ക്ക് കത്തയച്ച് സുദീക്ഷയുടെ മാതാപിതാക്കള്‍

മാര്‍ച്ച് 6ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കനിലെ പുന്റ കാനയില്‍ നിന്നാണ് സുദീക്ഷയെ കാണാതായത്

dot image

പെന്‍സില്‍വാനിയ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദീക്ഷ കൊങ്കണിയെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. സുദിക്ഷയെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അധികൃതര്‍ക്ക് കത്തെഴുതിയതായാണ് വിവരം. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കുടുംബം തയാറായിട്ടില്ല.

സുദീക്ഷ കൊണങ്കി യുഎസില്‍ സ്ഥിരതാമസത്തിന് അര്‍ഹതയുള്ള ഇന്ത്യക്കാരിയാണ്. മാര്‍ച്ച് 6ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കനിലെ പുന്റ കാനയില്‍ നിന്നാണ് സുദീക്ഷയെ കാണാതായത്. ഇതിന് ശേഷം സുദീക്ഷയെക്കുറിച്ച് യാതൊരു വിവരവുമില്ല. സുദീക്ഷയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജോഷ്വ റിബെയെ അധികൃതര്‍ പലതവണ ചോദ്യം ചെയ്തു.

ജോഷ്വ റിബെയുടെ പാസ്‌പോര്‍ട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇന്നലെ ജോഷ്വയുടെ അഭിഭാഷകന്‍ ബിയാട്രിസ് സാന്താന കോടതിയെ സമീപിച്ചു. ഇതുവരെ ജോഷ്വയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. നിലവില്‍ ഹോട്ടലില്‍ തുടരുന്ന ജോഷ്വ റിബെയെ പൊലീസ് നിരീക്ഷിക്കുകയാണ്.

ജോഷ്വ റിബെയുടെ കൂടെയായിരുന്നു സുദീക്ഷയെ അവസാനമായി കണ്ടത്. സംഭവ ദിവസം പുലര്‍ച്ചെ നാലിന് സുദീക്ഷയുടെ കൈപിടിച്ച് ജോഷ്വ ബീച്ചിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. 5.50 ന് സുഹൃത്തുക്കള്‍ താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയും സുദീക്ഷയും ജോഷ്വയും ബീച്ചില്‍ തുടരുകയും ചെയ്തിരുന്നു. സുഹൃത്തുക്കള്‍ പോയ ശേഷം താനും സുദീക്ഷയും കടലില്‍ നീന്തിയെന്നും വലിയ തിര വന്നപ്പോള്‍ താന്‍ സുദീക്ഷയെ രക്ഷിച്ചെന്നുമാണ് ജോഷ്വ അധികൃതരോട് പറഞ്ഞത്. ഉപ്പുവെള്ളം കുടിച്ചത് തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടാക്കി. സുദീക്ഷയെ അവസാനമായി കണ്ടത് വെള്ളത്തിലൂടെ നടക്കുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് താന്‍ സുദീക്ഷയോട് ചോദിച്ചു. എന്നാല്‍ മറുപടിയുണ്ടായില്ല. ഉപ്പുവെള്ളം അകത്തുചെന്നതിനെ തുടര്‍ന്ന് താന്‍ ഛര്‍ദ്ദിച്ചു. പിന്നീട് ബോധം മറഞ്ഞു. ഉണര്‍ന്നപ്പോള്‍ മുറിയിലേക്ക് തിരിച്ചുപോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Content Highlights- Sudiksha’s parents request dominican officials declare her dead: report

dot image
To advertise here,contact us
dot image