
മോസ്‌കോ: യുക്രെയ്‌നിലെ വെടിനിർത്തൽ കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഫോണിൽ സംസാരിക്കും. യുക്രെയ്‌നിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട അന്തിമ കരാറിന്റെ പല നിർദ്ദേശങ്ങളും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇനിയും കുറെ കാര്യങ്ങൾ ബാക്കിയുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള ഫോൺ സംഭാഷണം വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു. വെടിനിർത്തലിനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ടെന്നു ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച മോസ്കോയിൽ അമേരിക്ക–റഷ്യ ഉദ്യോഗസ്ഥതല ചർച്ച നടന്നതിനു പിന്നാലെ ഉപാധികളുടെ അടിസ്ഥാനത്തിൽ വെടിനിർത്തലാകാമെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു.
യുക്രെയ്നിനു നാറ്റോ അംഗത്വം നൽകരുതെന്നതാണു റഷ്യ മുന്നോട്ടുവെയ്ക്കുന്ന പ്രധാന വ്യവസ്ഥ. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതി ചെയ്യുന്ന സപൊറീഷ്യ അടക്കം കിഴക്കൻ യുക്രെയ്നിലെ ഭൂരിഭാഗം പ്രവിശ്യകളും റഷ്യയുടെ അധീനതയിലാണിപ്പോൾ.ഈ പ്രദേശങ്ങൾ റഷ്യ വിട്ടുകൊടുക്കില്ലെന്ന സൂചനയും ട്രംപ് നൽകി.എന്നാൽ, രാജ്യത്തിന്റെ അഖണ്ഡത ലംഘിച്ചുകൊണ്ടുള്ള കരാറിനു തയാറല്ലെന്ന നിലപാട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവർത്തിച്ചു.
പടിഞ്ഞാറൻ റഷ്യയിലെ കർക്സിൽ യുക്രെയ്ൻ സേന കഴിഞ്ഞവർഷം കയ്യടക്കിയ ഭൂരിഭാഗം സ്ഥലങ്ങളും കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാറിൽ ധാരണയായാൽ 30 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാനായി അതിർത്തിയിലേക്ക് രാജ്യാന്തര സമാധാനസേനയെ അയയ്ക്കാൻ യുകെ, ഫ്രാൻസ് അടക്കം മുപ്പതിലേറെ രാജ്യങ്ങൾ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ തെക്കൻ റഷ്യയിലെ അസ്ട്രക്കൻ മേഖലയിലെ ഊർജനിലയങ്ങൾക്കുനേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രി കീവിനുനേരെയും റഷ്യയും ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
Content Highlight : Trump says he and Putin will discuss land and power plants in Ukraine ceasefire talks