
വാഷിങ്ടണ്‍: ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിയ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്തുന്നത് കാത്തിരിക്കുകയാണ് ലോകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇരുവരും ഭൂമിയിലെത്തുന്നതെന്നാണ് നിലവിലെ വിവരം. യാത്രയുടെ മുഴുവന്‍ വിവരങ്ങളും തത്സമയം സ്പേസ് എക്സിൻ്റെ യുട്യൂബ് ചാനലില്‍ നല്‍കുന്നുണ്ട്.
എന്നാല്‍ സ്പേസ് എക്സിൻ്റെ യുട്യൂബില്‍ കമന്റ് ബോക്‌സില്‍ ഏറ്റവും കൂടുതലും മലയാളികളുടെ കമന്റുകളാണെന്നതാണ് രസകരമായ കാഴ്ച. തമാശ രൂപേണയുള്ള പല മലയാളി കമന്റുകളും കൊണ്ട് സ്പേസ് എക്സിൻ്റെ യുട്യൂബ് കമന്റ് ബോക്‌സ് നിറഞ്ഞിരിക്കുകയാണ്. എവിടെയെത്തി, എയറിലാരൊക്കെയുണ്ട്, വട്ടവടയെത്തി, കോഴിക്കോടുക്കാര്‍ ഉണ്ടോ, അടിച്ചു കേറി വാ, ലവ് ഫ്രം കേരള തുടങ്ങിയ കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്. സുനിതയുടെയും ബുച്ചിന്റെയും മടങ്ങി വരവിന് മലയാളികള്‍ കാത്തിരിക്കുകയാണെന്ന് കമന്റ് ബോക്‌സുകള്‍ വ്യക്തമാക്കുന്നുണ്ട്.
ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‍മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.
Content Highlights: Malayalees comments on Nasa s Youtube page