മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 592 പേർ; ഗാസയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രയേല്‍

ഹമാസ് ഇസ്രയേലിലേക്ക് മൂന്ന് റോക്കറ്റ് ആക്രമണം നടത്തി

dot image

ഗാസ: ഗാസയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രയേല്‍. റാഫ അതിര്‍ത്തിയില്‍ വ്യാപക ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. മൂന്ന് ദിവസത്തിനിടെ ഗാസയിൽ 592 പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം ഗാസ മുനമ്പിലുള്ള ആക്രമണത്തില്‍ മാത്രം 85 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഹമാസ് ഇസ്രയേലിലേക്ക് മൂന്ന് റോക്കറ്റ് ആക്രമണം നടത്തി. ആക്രമണത്തില്‍ ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഹമാസില്‍ നിന്നുള്ള ആദ്യത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രേയല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കന്‍ ഗാസയില്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പലസ്തീനികളോട് വടക്കന്‍ ഗാസ വിട്ട് പോകാന്‍ അറിയിച്ചില്ലെന്നും എന്നാല്‍ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ഇവരെ കാല്‍നടയായി തെക്കന്‍ ഗാസയിലേക്ക് പോകാന്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ സമയത്ത് നൂറുകണക്കിന് മനുഷ്യരാണ് തങ്ങളുടെ അവശേഷിക്കുന്ന വീടുകള്‍ തേടി വടക്കന്‍ ഗാസയിലേക്കെത്തിയത്. ഇതോടെ 2023 ഒക്ടോബര്‍ മുതലുള്ള ആക്രമണത്തില്‍ ആകെ 49,617 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ട മനുഷ്യരെ മരിച്ചതായി അനുമാനിക്കുന്നെന്നും അങ്ങനെയാണെങ്കില്‍ മരണസംഖ്യ 61, 700 ആയി ഉയരുമെന്നും ഗാസ സര്‍ക്കാര്‍ പറയുന്നു.

Content Highlights: Israel attack on Gaza death toll rise to 600

dot image
To advertise here,contact us
dot image