
റാഫ: വിട്ടയയ്ക്കാൻ ബാക്കിയുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചാൽ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വെള്ളിയാഴ്ച സൈന്യത്തിന് ഉത്തരവ് നൽകിയതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കാറ്റ്സിൻ്റെ ഉത്തരവ് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.
ഗാസ മുനമ്പിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ പ്രതിരോധ സേനയോട് ഉത്തരവിട്ടെന്നും ദുരിതബാധിത പ്രദേശങ്ങളിലെ പലസ്തീൻ പൗരന്മാരെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയെന്നും കാറ്റ്‌സ് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. 'ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഞാൻ സൈന്യത്തോട് ഉത്തരവിട്ടു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് എത്രത്തോളം വിസമ്മതിക്കുന്നുവോ അത്രത്തോളം കൂടുതൽ പ്രദേശങ്ങൾ അവർക്ക് നഷ്ടപ്പെടും, അത് ഇസ്രായേൽ പിടിച്ചെടുക്കും', എന്നാണ് കാറ്റ്സിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിൻ്റെ പിടിയിലുള്ള ബാക്കി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഐഡിഎഫ് ഗാസയിൽ വ്യോമ, കര, കടൽ മാർഗങ്ങൾ വഴി ആക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് നേരത്തെ കാറ്റ്സ് പറഞ്ഞിരുന്നു.
ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനുമായി കരസേന ആക്രമണം ശക്തമാക്കിയതായും കാറ്റ്സ് പറഞ്ഞു. ഗാസയുടെ തെക്കൻ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കൽ, ഗാസ നിവാസികൾക്കായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സ്വമേധയാ പ്രഖ്യാപിച്ച കുടിയേറ്റ പദ്ധതി നടപ്പിലാക്കൽ എന്നിവയുൾപ്പെടെ എല്ലാ സൈനിക, സിവിലിയൻ സമ്മർദ്ദങ്ങളും ഇസ്രായേൽ ഉപയോഗിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഗാസയിൽ ഇസ്രയേൽ കരയുദ്ധവും കടുപ്പിച്ചിരിക്കുകയാണ്. റാഫ അതിർത്തിയിൽ വ്യാപക ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. മൂന്ന് ദിവസത്തിനിടെ ഗാസയിൽ 592 പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം ഗാസ മുനമ്പിലുള്ള ആക്രമണത്തിൽ മാത്രം 85 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഹമാസ് ഇസ്രയേലിലേക്ക് മൂന്ന് റോക്കറ്റ് ആക്രമണം നടത്തി. ആക്രമണത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെടിനിർത്തൽ കരാറിന് ശേഷം ഹമാസിൽ നിന്നുള്ള ആദ്യത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.
വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രേയൽ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കൻ ഗാസയിൽ വീണ്ടും ഉപരോധമേർപ്പെടുത്തുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. പലസ്തീനികളോട് വടക്കൻ ഗാസ വിട്ട് പോകാൻ അറിയിച്ചില്ലെന്നും എന്നാൽ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.
Content Highlights: Israel expands Gaza offensive, orders army to annex more territory Report