ഇസ്രയേല്‍ നരനായാട്ട്: ഗാസയിലെ മരണനിരക്ക് അരലക്ഷം കവിഞ്ഞു; പരിക്കേറ്റത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്

കാണാതായവരെ കൂടി മരിച്ചവരായി കണക്കാക്കിയാല്‍ മരണസംഖ്യ 61,700 കവിയുമെന്നും ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു

dot image

ഗാസ: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയിലെ മരണനിരക്ക് അരലക്ഷം കവിഞ്ഞു. ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 50,021 പേരാണ് 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം കാണാതായവരെ കൂടി മരിച്ചവരായി കണക്കാക്കിയാല്‍ മരണസംഖ്യ 61,700 കവിയുമെന്നും ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു. കഴിഞ്ഞ ദിവസം തെക്കന്‍ ഗാസയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അല്‍-ബര്‍ദാവിലും ഭാര്യയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭാര്യയോടൊപ്പം പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ പ്രദേശങ്ങളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മാത്രം 32 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. ചൊവ്വാഴ്ച്ച തുടങ്ങിയ ആക്രമണത്തില്‍ മാത്രം 200ലധികം കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

Content Highlights: Israel attack on Gaza death toll rise to half lakhs

dot image
To advertise here,contact us
dot image