ഇസ്താംബൂൾ മേയറുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം; തുർക്കിയിൽ വ്യാപക സംഘർഷം, അറസ്റ്റ്

എക്രെം ഇമാമോഗ്ലുവിനെ അഴിമതി, ഭീകരവാദ ബന്ധങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി ഔദ്യോഗികമായി അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്

dot image

അങ്കാറ: ഇസ്താംബൂൾ മേയർ എക്രെം ഇമാമോഗ്ലുവിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച 343 പേരെ തുർക്കി സർക്കാർ അറസ്റ്റ് ചെയ്തു. ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. പ്രസിഡന്‍റ് എർദോഗന്‍റെ രാഷ്ട്രീയ എതിരാളിയായ ഇമാമോഗ്ലു ബുധാനാഴ്ചയാണ് അറസ്റ്റിലായത്. അഴിമതി ആരോപിച്ചുള്ള അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നും വിലയിരുത്തലുണ്ട്.

ഇതിനിടെ എക്രെം ഇമാമോഗ്ലുവിനെ അഴിമതി, ഭീകരവാദ ബന്ധങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി ഔദ്യോഗികമായി അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്താംബൂൾ മേയ‍റെ കുറ്റം ചുമത്തി വിചാരണ വരെ ജയിലിലടയ്ക്കണോ എന്നതിൽ കോടതി തീരുമാനം ഇന്നുണ്ടായേക്കും എന്നാണ് റിപ്പോർട്ട്.

ഇമാമോഗ്ലുവിന്റെ അറസ്റ്റ് തുർക്കിയിൽ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാക്കുകയും വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. 2028-ൽ നടക്കാനിരിക്കുന്ന അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഇമാമോഗ്ലുവിനെ പുറത്താക്കാനുള്ള രാഷ്ട്രീയ പ്രേരിത ശ്രമമായാണ് പലരും അദ്ദേഹത്തിന്റെ അറസ്റ്റിനെ കാണുന്നത്. എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരോപണം നിഷേധിക്കുകയും തുർക്കിയിലെ കോടതികൾ സ്വതന്ത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ (പികെകെ) സഹായിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിൻ്റെ ഭാഗമായി ഇമാമോഗ്ലുവിനെ ശനിയാഴ്ച അഞ്ച് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഴിമതി ആരോപണങ്ങളിൽ അദ്ദേഹത്തെ നാല് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എന്നാൽ രണ്ട് ചോദ്യം ചെയ്യലുകളിലും മേയർ തൻ്റെ മേൽ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും നിരസിച്ചുവെന്നാണ് റിപ്പോർട്ട്.

ഇതിന് പിന്നാലെ എക്രെം ഇമാമോഗ്ലുവിനെ കോടതിയിലേയ്ക്ക് എത്തിക്കുകയായിരുന്നു. ഇസ്താംബുളിന്റെ പ്രധാന സ്ക്വയറിലെത്തി ചേരുന്നതിനായി പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഒരു കൂട്ടം പ്രതിഷേധക്കാർ പൊലീസിന് നേരെ തീകത്തിച്ചെറിഞ്ഞു. കല്ലുകളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന കുരുമുളക് സ്പ്രേ അടിക്കുകയും റബ്ബർ ബുള്ളറ്റിൻ പ്രയോ​ഗിക്കുകയും ചെയ്തു. അങ്കാറയിൽ പ്രകടനക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും പ്രയോ​ഗിച്ചു. ശനിയാഴ്ച രാത്രിയിലെ പ്രതിഷേധങ്ങളെത്തുടർന്ന് 323 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചിട്ടുണ്ട്.

Content Highlights: Turkey erupts over mayor's arrest: Protesters pepper-sprayed, hundreds detained

dot image
To advertise here,contact us
dot image