
വാഷിങ്ടണ്‍: യെമനിലെ ഹൂതികള്‍ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി തയ്യാറാക്കിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനും. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ഗ്രൂപ്പിലായിരുന്നു അബദ്ധവശാല്‍ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെട്ടത്. അറ്റ്‌ലാന്‍റിക് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ജഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെയാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഗോള്‍ഡ്‌ബെര്‍ഗ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സൈനിക നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ താന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയത്. 'മാര്‍ച്ച് 15ന് ഹൂതിയെ ലക്ഷ്യം വെച്ച് യെമനില്‍ അമേരിക്ക ആക്രമണം നടത്തി. എന്നാല്‍ ആദ്യത്തെ ബോംബാക്രമണം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്നേ തന്നെ ആക്രമണം നടക്കാന്‍ പോകുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് യുദ്ധത്തിന്റെ പദ്ധതിയെക്കുറിച്ച് എനിക്ക് സന്ദേശം അയച്ചു', അദ്ദേഹം പറഞ്ഞു.
സിഗ്നല്‍ എന്ന മെസേജിങ് ആപ്പില്‍ മിഖായേല്‍ വാല്‍ട്‌സ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നുമാണ് തനിക്ക് ഗ്രൂപ്പിലേക്കുള്ള മെസേജിങ് റിക്വസ്റ്റ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ മിഖായേല്‍ വാള്‍ട്‌സാണ് അതെന്ന് താന്‍ സംശയിച്ചെന്നും ഗോള്‍ഡ്‌ബെര്‍ഗ് പറയുന്നു. ഇത് പോലൊരു സുരക്ഷാ ലംഘനം താന്‍ കണ്ടിട്ടില്ലെന്നും ഗോള്‍ഡ്ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സുരക്ഷാ വീഴ്ചയെ കുറിച്ച് വൈറ്റ് ഹൗസിനെ അദ്ദേഹം തന്നെ അറിയിക്കുകയും ഗ്രൂപ്പില്‍ നിന്ന് ഒഴിവാകുകയുമായിരുന്നു.
മാര്‍ച്ച് 11നാണ് ഗോള്‍ഡ്ബര്‍ഗിന് വാള്‍ട്‌സിന്റെ സന്ദേശം ലഭിക്കുന്നത്. വാള്‍ട്‌സിന്റെ പേരില്‍ മറ്റാരെങ്കിലും തന്നെ വലയിലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആദ്യം തോന്നിയതെന്നും ഗോള്‍ഡ്ബര്‍ഗ് പറയുന്നു. 'ശരിക്കുമുള്ള ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന പ്രതീക്ഷയില്‍ ഞാന്‍ റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്തു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം 'ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ്' എന്ന പേരിലുള്ള ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലായി. യെമനിലെ ഹൂതികളുടെ കേന്ദ്രമായ സനയിലുള്‍പ്പെടെ ആക്രമണം നടത്താന്‍ അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പ് യഥാര്‍ത്ഥ ഗ്രൂപ്പാണോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുള്ള ഗ്രൂപ്പില്‍ അറ്റ്‌ലാന്‍റിക്കിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫിനെ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേശകന്‍ അശ്രദ്ധമായി ഉള്‍പ്പെടുത്തിയതും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല', അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.
തുടര്‍ന്ന് ഹൂതികളെ ആക്രമിക്കാനുള്ള തീരുമാനങ്ങളിലെ ചര്‍ച്ചകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഹൂതികളെ ആക്രമിക്കുന്നത് അമേരിക്കയുടെ ഷിപ്പിംഗ് താല്‍പ്പര്യങ്ങളേക്കാള്‍ ഗുണം യൂറോപ്യന്‍ വ്യാപാരത്തിന് നല്‍കുമെന്ന് വൈസ് പ്രസിഡന്റ് വാന്‍സ് ആശങ്കപ്പെട്ടതായി ഗോള്‍ഡ്ബര്‍ഗ് പറയുന്നു. പൊതുജനാഭിപ്രായവും സാമ്പത്തിക പ്രത്യാഘാതങ്ങളും നന്നായി മനസിലാക്കുന്നതിന് ബോംബാക്രണം വൈകിപ്പിക്കണമെന്നും വാന്‍സ് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ആക്രമണം വൈകിപ്പിക്കുന്നത് വലിയ മാറ്റങ്ങള്‍ വരുത്തില്ലെന്ന് പീറ്റ് ഹെഗ്‌സെത് അഭിപ്രായപ്പെട്ടു.
ആക്രമണം വൈകിപ്പിക്കുന്നതിന്റെ അപകട സാധ്യതകളും പീറ്റ് ഗ്രൂപ്പില്‍ വ്യക്തമാക്കിയിരുന്നു. ആക്രമണ വിവരം ചോരാം, ഇസ്രയേല്‍ ആക്രമിക്കാം, ഗാസ വെടിനിര്‍ത്തല്‍ തകരാം തുടങ്ങിയ ആശങ്കകള്‍ പീറ്റ് പങ്കുവെച്ചു. എന്നാല്‍ ആക്രമണത്തില്‍ യൂറോപ്പിന് ഗുണം ലഭിക്കുമെന്ന ആശങ്ക വാന്‍സ് വീണ്ടും പങ്കുവെച്ചിരുന്നു. അതേസമയം ആ ആശങ്ക താന്‍ പങ്കിടുന്നെങ്കിലും മൈക്ക് പറയുന്നത് ശരിയാണെന്ന് പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കി. ഈ ആക്രമണം നടത്താന്‍ ലോകത്ത് തങ്ങളേയുള്ളുവെന്നും പീറ്റ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിന്നീട് നടന്ന സൈനിക ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഗോള്‍ഡ്ബര്‍ഗ് പങ്കുവെക്കുന്നില്ല. ആക്രമണത്തിന് ശേഷമുള്ള ആഹ്ലാദ പ്രകടനത്തെക്കുറിച്ച് അദ്ദേഹം പറയുന്നുമുണ്ട്. പിന്നാലെയാണ് ഗോള്‍ഡ്ബര്‍ഗ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്യുന്നത്. അതേസമയം ഇത്തരം സൈനിക നടപടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ആധികാരികതയെയും ഗോള്‍ഡ്ബര്‍ഗ് ലേഖനത്തില്‍ ചോദ്യം ചെയ്യുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് ട്രംപ് ഭരണകൂടം പ്രസ്താവനയിറക്കിയിട്ടുണ്ട്. എങ്ങനെയാണ് ഈ അശ്രദ്ധയുണ്ടായതെന്ന് പരിശോധിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ തനിക്ക് ഈ വിഷയത്തിലൊന്നും അറിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. താന്‍ അറ്റ്‌ലാന്റിക്കിന്റെ ആരാധകനല്ലെന്നും ബിസിനസിന് വേണ്ടിയുള്ള മാഗസിനാണതെന്നും ട്രംപ് പറഞ്ഞു. സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Security breach White House Officials Accidentally Shared Huthi attack Plan With Journalist