
വാഷിങ്ടണ്‍: യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് പുതിയ തീരുവ പ്രഖ്യാപിച്ച് പ്രസിഡഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. കാറുകള്‍ക്കും കാര്‍ പാര്‍ട്‌സുകള്‍ക്കും 25 ശതമാനം തീരുവയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ ആഗോള വ്യാപാരയുദ്ധ ഭീഷണി മുഴക്കിയിരിക്കുകയാണ് ട്രംപ് വീണ്ടും.
ഏപ്രില്‍ രണ്ട് മുതല്‍ പുതിയ തീരുവ നിലവില്‍ വരുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേസമയം കാര്‍ പാര്‍ട്‌സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ മെയ് മുതലായിരിക്കും നിലവില്‍ വരിക. പുതിയ തീരുവ നയം നടപ്പിലാക്കുന്നത് യുഎസിലെ കാര്‍ വ്യവസായ മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും മികച്ച ജോലി സാധ്യതയ്‌ക്കൊപ്പം നിക്ഷേപവും കുതിച്ചുയരുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏകദേശം 80 ലക്ഷം കാറുകള്‍ മാത്രമാണ് യുഎസിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് 244 ബില്യണ്‍ ഡോളറിന്‌റെ വാഹനങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസിലേക്ക് കാര്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവയ്‌ക്കൊപ്പം ജപ്പാന്‍, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.
അതേസമയം യുഎസിലെ കാര്‍ നിര്‍മ്മാണ മേഖലയ്ക്ക് തന്നെ ട്രംപിൻ്റെ പുതിയ നയം തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. യുഎസില്‍ കാര്‍ നിര്‍മ്മാണം കുത്തനെ ഇടിയാനും വില കൂടാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വഷളാകുന്നതിനും ഇത് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight : Trump announces 25% tariff on foreign-made cars