
നീപെഡോ : മ്യാൻമർ ഭൂകമ്പത്തിൽ ഇന്ത്യയ്ക്ക് ആശങ്കവേണ്ടെന്ന് കേന്ദ്രസർക്കാർ. 16,000 ഇന്ത്യക്കാർ മ്യാൻമറിൽ സുരക്ഷിതരെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യ കൂടുതൽ സഹായം മ്യാൻമറിന് നൽകും. ദുരിതാശ്വാസ സാമഗ്രികളുമായി നാല് നാവികസേന കപ്പലുകളും രണ്ട് വിമാനങ്ങളും അയക്കും. മെഡിക്കൽ സംഘം ആഗ്രയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ എൻഡിആർഎഫ് സംഘവും ഉടൻ പുറപ്പെടും.
ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും ആണ് യാങ്കൂണിലേക്ക് പുറപ്പെട്ടത്. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് മ്യാൻമറിലേക്ക് ഇന്ത്യ അയക്കുന്നത്. അതേ സമയം ദുരന്ത ഭൂമിയിൽ ഇന്ത്യൻ സൈന്യം താത്കാലിക ആശുപത്രിയും സ്ഥാപിക്കും. 118 അംഗങ്ങൾ ഉൾപ്പെടുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘം യാങ്കൂണിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം മ്യാൻമറിൽ എത്തിയിരുന്നു. ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, എന്നിവയടക്കമുള്ള ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യഘട്ട സഹായത്തില്‍ ഇന്ത്യ മ്യാന്‍മറിലെത്തിച്ചത്. വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിൽ മ്യാൻമറിൽ മാത്രം ആയിരത്തിലധികം പേർ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
മരിച്ചവരുടെ എണ്ണം 1,664 ആയി ഉയര്‍ന്നതായും 3,408 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാന്‍മറിനെ നടുക്കി ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിന് സമീരമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ തന്നെയാണ് തായ്‌ലന്‍ഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പമുണ്ടാകുന്നത്. തലസ്ഥാനമായ ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതിന്റെ ഭീതിതമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
content highlights : Indian warships and aircraft will be sent to Myanmar, hospital will be built in disaster area'; Central government