
പാരിസ്: ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെന്നിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. ഇതിനു പുറമെ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കും നേരിടേണ്ടി വരും. നാഷനൽ റാലി പാർട്ടിയിലൂടെ യൂറോപ്യൻ പാർലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കേണ്ടിയിരുന്ന പണം വകമാറ്റി ഫ്രാന്‍സില്‍ എന്‍ആര്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കിയെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം.
2004 മുതല്‍ 2016 വരെയുള്ള കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. ഫണ്ട് വകമാറ്റലില്‍ മുഖ്യ പങ്കുവഹിച്ചത് മറീനാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പണം ചെലവഴിച്ചത് നിയമവിധേയമായിട്ടാണ് എന്നായിരുന്നു മറീൻ്റെയും സംഘത്തിന്റെയും വാദം. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
2004 മുതല്‍ 2017 വരെ യൂറോപ്യന്‍ പാര്‍ലമെൻ് അംഗമായിരുന്നു മറീന്‍. 2027-ലെ ഫ്രാന്‍സ് പ്രസിഡൻ്റെ തിരഞ്ഞെടുപ്പിലേക്കുള്ള മുന്‍നിരമുഖമായിരുന്നു നാഷണല്‍ റാലി (എന്‍ആര്‍) പാര്‍ട്ടി നേതാവായ മറീന്‍ ലെ പെന്നിൻ്റെത്.കോടതിവിധിക്ക് പിന്നാലെ മറീന്റെ ഫ്രഞ്ച് പ്രസിഡന്റ് സ്വപ്‌നത്തിനും തിരിച്ചടിയേറ്റു.
നാലുകൊല്ലത്തെ തടവുശിക്ഷയില്‍ രണ്ടുകൊല്ലം കോടതി ഇളവുചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടുകൊല്ലത്തെ ശിക്ഷ, ജയിലിന് പുറത്ത് ഇലക്ട്രോണിക് ബ്രേസ്‌ലറ്റ് ധരിച്ച് അനുഭവിച്ചാല്‍ മതിയാകും. ഒരുലക്ഷം യൂറോ (ഏകദേശം 92 ലക്ഷം രൂപ) പിഴയുമൊടുക്കണം. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിക്കാത്തപക്ഷം മറീന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഫ്രാന്‍സില്‍ സാധാരണയായി അപ്പീല്‍ നടപടി ക്രമങ്ങള്‍ സാവധാനമാണ് നടക്കാറ്. തിരഞ്ഞെടുപ്പിന് മുന്‍പേ പുനര്‍വിചാരണ നടന്നാലും നിലവിലെ വിധിയില്‍ മാറ്റംവരാനും സാധ്യത കുറവാണ്.
Content Highlight : France's Le Pen convicted of graft, barred from running for president in 2027