
ടെഹ്‌റാൻ: രാജ്യത്തിനെതിരെ ബോംബാക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ. അമേരിക്ക ഇറാനെതിരെ നടപടി സ്വീകരിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അറിയിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'അമേരിക്കയുമായി എല്ലായ്‌പ്പോഴും ശത്രുത പുലർത്തുന്നവരാണ് ഇറാൻ. അവർ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത് സാധ്യതമാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. അമേരിക്ക ഇറാനെതിരെ നടപടി സ്വീകരിച്ചാൽ തീർച്ചയായും ശക്തമായ തിരിച്ചടി ലഭിക്കും', ഖമേനി അറിയിച്ചു.
ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് തന്നെയായിരുന്നു ഇറാന്റെ നിലപാട്.
⚡️BREAKING
— Iran Observer (@IranObserver0) March 25, 2025
Iran has unveiled perhaps its largest missile city ever that can destroy all US assets in the region
The new underground missile base houses thousands of precision-guided missiles such as Kheibar Shekan, Haj Qasem, Ghadr-H, Sejjil, Emad and others pic.twitter.com/QYR24ZN7TS
'ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകും. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്. നാല് വർഷം മുമ്പ് ചെയ്തതുപോലെ അവർക്ക് മേൽ ഇരട്ട നികുതി ചുമത്തുമെന്നും' ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2015 ലുണ്ടായിരുന്ന കരാറിൽ നിന്ന് ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് കർശനമായ പരിധികൾ ഏർപ്പെടുത്തിയിരുന്നു. ട്രംപിന്റെ തീരുമാന പ്രകാരമായിരുന്നു അമേരിക്ക അന്ന് പരിധികൾ ഏർപ്പെടുത്തിയത്. കൂടാതെ ഇറാനുമേൽ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിനുശേഷം, ഇറാൻ തങ്ങളുടെ ആണവ പദ്ധതിയിലെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
അമേരിക്കയുമായി നേരിട്ട് ചർച്ചക്കൾക്ക് ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി നൽകിയിരുന്നത്. സൈനിക പ്രത്യാഘാതങ്ങൾ നേരിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ തള്ളിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുമായി പരോക്ഷ ചർച്ചകൾ നടത്താൻ ടെഹ്‌റാൻ തയ്യാറാണെന്നുളള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Content Highlights: Iran's supreme leader Ayatollah Ali Khamenei warns United State