
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വൻ പ്രതിഷേധം. 50 സംസ്ഥാനങ്ങളിലായി 1200ലധികം കേന്ദ്രങ്ങളിൽ ആളുകൾ സംഘടിച്ചു. കൂട്ട പിരിച്ചുവിടൽ, നാടുകടത്തൽ, എന്നിവയിൽ പ്രതിഷേധിച്ചാണ് നീക്കമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ അമേരിക്കയിലുടനീളം ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.പൗരാവകാശ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു+ അഭിഭാഷകർ, തിരഞ്ഞെടുപ്പ് പ്രവർത്തകർ എന്നിവരുൾപ്പെടെ 150-ലധികം ഗ്രൂപ്പുകൾ റാലികളെ പിന്തുണച്ചിരുന്നു.
ബോസ്റ്റൺ, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ട്രംപിന്റെ അജണ്ടയിലെ സാമൂഹിക വിഷയങ്ങൾ മുതൽ സാമ്പത്തിക വിഷയങ്ങൾ വരെയുള്ള പരാതികൾ പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ബോസ്റ്റണിലെ യുഎസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കെതിരായ കുടിയേറ്റ റെയ്ഡുകളാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് സമരക്കാർ പറഞ്ഞു.
ട്രംപിന്റെ ഭരണത്തിൽ സമ്പന്നരായ ദാതാക്കൾ വഹിച്ച പങ്കിനെക്കുറിച്ചും പരാമർശങ്ങളുണ്ട്. പ്രസിഡന്റിന്റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന ടെസ്ല മേധാവി ഇലോൺ മസ്‌കിനെതിരെയും വിമർശനമുണ്ട്. ഷിക്കാഗോയിലും ആയിരക്കണക്കിന് ആളുകൾ പ്രകടനം നടത്തി.
Content Highlights: Huge protest against Donald Trump's anti-people policies