ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന ടെന്റിന് നേരെയും ആക്രമണം

ഗാസയിലെ ദെയ്ർ അൽ ബലായിൽ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്

dot image

ഗാസ: ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസയിലെ ദെയ്ർ അൽ ബലായിൽ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന ടെന്റിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ എട്ട് മരണങ്ങളോളം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ് രംഗത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം.

ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും നിലവിൽ ഇസ്രായേൽ പിടിച്ചെടുത്തിരിക്കുകയാണ്. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിര്‍ബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഒസിഎച്ച്എ(യുഎന്‍ ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ്)യാണ് ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇസ്രയേല്‍ നിയന്ത്രണത്തിലെന്ന് വ്യക്തമാക്കിയത്.

ഇസ്രയേല്‍ നിരോധിത മേഖലയാക്കി മാറ്റിയ പ്രദേശങ്ങളില്‍ തെക്കന്‍ റാഫയുടെ വലിയ ഭാഗവും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം 31നാണ് തെക്കന്‍ റാഫയില്‍ നിന്ന് ഒഴിയണമെന്ന ഉത്തരവ് ഇസ്രയേല്‍ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളും ഗാസക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആക്രമണം ശക്തമാക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെയാണ് സൈന്യം നടപടികള്‍ കടുപ്പിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18ന് വീണ്ടും ആക്രമണം തുടങ്ങിയതിന് ശേഷം മാത്രം ഏകദേശം 2.80 ലക്ഷം പലസ്തീനികളെ കുടിയിറക്കിയെന്നാണ് കണക്ക്. അതേസമയം കഴിഞ്ഞ ദിവസം മാത്രം നടത്തിയ വ്യോമാക്രമണത്തില്‍ 38 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 112 പേർക്ക് ജീവൻ നഷ്ടമായി.

Content Highlights- Another attack in Gaza; Israel attacks tent where journalists were staying


dot image
To advertise here,contact us
dot image