' 34 ശതമാനം പകരം തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം അധിക തീരുവ ചുമത്തും' ; ചൈനയ്ക്ക് ഭീഷണിയുമായി ട്രംപ്

മറ്റുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ ഉടൻ ​ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു

dot image

വാഷിങ്ടൺ: അമേരിക്കക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ ചൈന പിൻവലിക്കണമെന്ന് ട്രംപ്. പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്നും ചൈനയ്ക്ക് ട്രംപിൻ്റെ ഭീഷണി. അതേ സമയം, മറ്റുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ ഉടൻ ​ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു.

ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാൽ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ഈ വ‌‍ർഷം തു‌ടക്കം 20 ശതമാനം തീരുവയാണ് അമേരിക്ക ചൈനയ്ക്ക് മേൽ ഏ‍ർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം 34 ശതമാനം കൂടി അധിക തീരുവ ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അമേരിക്ക ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ തീരുവ 54 ശതമാനമായി മാറി. ട്രംപിൻ്റെ പ്രതികാര ചുങ്കത്തിന് പകരമായി ചൈന 34 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുകയായിരുന്നു. ഇതു കൂടാതെ അപൂർവ ഭൗമ ധാതുകളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 30 ഓളം യു എസ് സംഘടനകൾക്കും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാനെന്ന് പേരിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 10 മുതൽ 49 ശതമാനം വരെ ട്രംപ് ഇറക്കുമതി ചുങ്കം ചുമത്തിയത്. അതേ സമയം, അമേരിക്കയുടെ പ്രഖ്യാപനത്തിന് ശേഷം താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുളള ശ്രമത്തിലായിരുന്നു ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പകരചുങ്കം പ്രഖ്യാപിച്ചിരുന്നു. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

20 ശതമാനം പകരചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം' എന്ന് പറഞ്ഞ് 27 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരുന്നത്. ചൈനയ്ക്ക് 34 ശതമാനവും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനം തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമാണ് ഏർപ്പെടുത്തിയത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ലെന്ന് ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ പ്രസംഗിക്കവേ പറഞ്ഞിരുന്നു.

അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചന ദിനമായി' അറിയപ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍, രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്.

Content Highlights- Trump threatens China with 50% tariff if 34% tariff is not withdrawn

dot image
To advertise here,contact us
dot image