
ന്യൂയോർക്ക്: ന്യൂയോർക്കിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു.നഗരത്തിലെ ഹഡ്‌സൺ നദിയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹെലികോപ്റ്ററിൽ സ്പെയിനിലെ സീമെൻസിന്റെ പ്രസിഡൻ്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. ഹഡ്‌സൺ നദിയിൽ നടന്നത് ഭയാനകമായ ഹെലികോപ്റ്റർ അപകടമാണെന്നും മരിച്ചവരിൽ പൈലറ്റും രണ്ടു മുതിർന്നവർ, മൂന്നു കുട്ടികൾ എന്നിങ്ങനെ ആറു പേരാണ് ഉണ്ടായിരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്.ഹെലികോപ്റ്റർ ആകാശത്ത് വെച്ച് തകർന്നു വീഴുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2009-ൽ, ഹഡ്‌സൺ നദിക്ക് മുകളിൽ വച്ച് വിമാനവും ടൂറിസ്റ്റ് ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു പേർ മരിച്ചിരുന്നു.
Content Highlight : Tourist helicopter crashes into river in New York; Six people, including three children, met a tragic end