
കീവ് : ഓശാന ഞായർ ചടങ്ങുകൾക്കിടെ യുക്രെയ്‌നിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ആളുകൾ ഒത്തുകൂടിയ സ്ഥലത്താണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഏഴ് കുട്ടികൾ ഉൾപ്പെടെ 83 പേർക്ക് പരിക്കേറ്റു. ഓശാന ഞായര്‍ ആഘോഷിക്കാൻ പ്രദേശവാസികൾ ഒത്തുകൂടിയപ്പോൾ ആയിരുന്നു ആക്രമണം.
തിരക്കേറിയ നഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്. അതേസമയം ഒരു നീചന് മാത്രമേ ഇതുപോലെ പ്രവർത്തിക്കാൻ കഴിയൂവെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി പ്രതികരിച്ചു. റഷ്യയുടെ ലക്ഷ്യം ഭീകരത മാത്രമെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു. മിസൈൽ ആക്രമണത്തിൽ ലോകരാജ്യങ്ങൾ പ്രതികരിക്കണമെന്നും റഷ്യയ്ക്ക് ആഗോളതലത്തിൽ മറുപടി നൽകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
അതേ സമയം കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിൽ റഷ്യയുടെ മിസൈൽ പതിച്ചെന്ന് യുക്രെയ്ൻ. കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിന് നേരെ റഷ്യ ബോധപൂർവ്വമാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ൻ ആരോപിച്ചു. ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണെന്ന് അവകാശപ്പെടുമ്പോഴും റഷ്യ മനഃപൂർവ്വം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നുവെന്ന് യുക്രെയ്ൻ പറയുന്നു.
കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ റഷ്യ നശിപ്പിക്കുകയാണെന്നും യുക്രെയ്ൻ എംബസി ആരോപിച്ചു. ‘റഷ്യ ഒരു ഭീകരവാദ രാഷ്ട്രമാണ്’ എന്ന ഹാഷ്ടാഗോടെ ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ശനിയാഴ്ച ഈ വിവരം പങ്കുവെച്ചത്. ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രെയ്നിലെ ഏറ്റവും വലിയ ഫാർമസി സ്ഥാപനങ്ങളിൽ ഒന്നാണ്. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിരുന്ന ഫാർമസി കമ്പനി കൂടിയാണ് കുസും.
content highlights : Russian missile attack in Ukraine during Palm Sunday ceremonies; IndianPharmacy company also attacked