
ലിമ: ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായനും നൊബേല്‍ സാഹിത്യ സമ്മാന ജേതാവുമായ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസായിരുന്നു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മക്കളായ അല്‍വാരോ, ഗൊണ്‍സാലോ, മോര്‍ഗാന എന്നിവര്‍ എക്‌സിലൂടെയാണ് മരണവിവരം അറിയിച്ചത്. പൊതു ചടങ്ങുകളുണ്ടാകില്ലെന്നും കുടുംബം അറിയിച്ചു.
'പൊതു ചടങ്ങുകളുണ്ടാകില്ല. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അദ്ദേഹത്തിന് വിട നല്‍കാന്‍ നമുക്ക് സ്വകാര്യതയുണ്ടാകണമെന്നാണ് ഞങ്ങളുടെ അമ്മയും കുട്ടികളും ഞങ്ങളും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തും', എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
1936ല്‍ പെറുവിലാണ് യോസ ജനിച്ചത്. മാധ്യമപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദി ഗ്രീന്‍ ഹൗസ്, ദി ടൈം ഓഫ് ദി ഹീറോ എന്നീ നോവലുകളിലൂടെയാണ് യോസ പ്രസിദ്ധനായത്. തെക്കേ അമേരിക്കയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങൾ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ അവതരിപ്പിച്ച സാഹിത്യകാരനാണ് യോസ.
ഗബ്രിയല്‍ ഗര്‍സിയ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് മാരിയോ വര്‍ഗാസ് യോസ.
കോണ്‍വര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍, വാര്‍ ഒഫ് ദി എന്‍ഡ് ഒഫ് ദി വേള്‍ഡ് തുടങ്ങിയ നോവലുകളും ശ്രദ്ധേയമാണ്. 'ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്' എന്ന നോവലിന് 2010ലാണ് യോസയ്ക്ക് നൊബേല്‍ ലഭിച്ചത്.
Content Highlights: Latin American writer Mario Vargas Llosa passed away