അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളില്‍ പകുതി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതെന്ന് റിപ്പോര്‍ട്ട്

വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുളള ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്

dot image

വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎസ് ഗവണ്‍മെന്റ് നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ആഗോളതലത്തില്‍ ആശങ്ക പടര്‍ത്തുകയാണ്. വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുളള ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. യുഎസ് അനുവദിച്ചിട്ടുളള സ്റ്റുഡന്റ് വിസ റദ്ദാക്കിയെന്നും എത്രയുംവേഗം രാജ്യംവിടണമെന്നുമുളള അറിയിപ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തിടെ അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതാണ്. ചൈന, ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്.


'ദി സ്‌കോപ്പ് ഓഫ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍സ് എഗെയ്ന്‍സ്റ്റ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്' എന്ന തലക്കെട്ടില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ആക്ടിവിസം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചുവരികയാണ്. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളിലും മറ്റും പങ്കെടുത്തവര്‍ക്കെതിരെയായിരുന്നു ആദ്യഘട്ടത്തില്‍ നടപടിയെങ്കില്‍ പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ക്കും ലൈക്ക് ചെയ്തവര്‍ക്കുമെതിരെ വരെ നടപടി സ്വീകരിക്കുന്നുണ്ട്.


അതേസമയം, അമേരിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. സംഭവം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസിയും കോണ്‍സുലേറ്റും വിദ്യാര്‍ത്ഥികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Half of student visas canceled by US belong to Indian students, report says

dot image
To advertise here,contact us
dot image