
ന്യൂഡൽഹി: പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഹാപ്പി പാസിയ എന്ന ഭീകരവാദി ഹർപ്രീത് സിംഗ് പിടിയിൽ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ പിടികൂടിയതതായി ഇന്ത്യയിലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദിയായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്ത അനുയായിയാണ് ഹർപ്രീത് സിംഗ്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായിരുന്നു ഇയാൾ. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ബബ്ബർ ഖൽസ ഇന്റർനാഷണലുമായും സഹകരിച്ചാണ് ഹാപ്പി പാസിയ ഭീകരാക്രമണങ്ങൾ നടത്തിയതെന്ന് സുരക്ഷാ സേന വൃത്തങ്ങൾ പറഞ്ഞു. പഞ്ചാബിലെ പൊലീസ് സ്ഥാപനങ്ങൾക്ക് നേരെ ഹാപ്പി പാസിയ നിരവധി ഭീകരാക്രമണങ്ങൾ നടത്തുകയും സോഷ്യൽ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ പഞ്ചാബിൽ 16 ഗ്രനേഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് പോസ്റ്റുകൾ, മതസ്ഥലങ്ങൾ, ബിജെപി നേതാവ് മനോരഞ്ജൻ കാലിയ ഉൾപ്പെടെയുള്ളവരുടെ വസതികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇവ. ഇത്തരത്തിലുള്ള 14 ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഹാപ്പി പാസിയയുടെ പേര് ഉയർന്നുവന്നിരുന്നു.
Content Highlights: Terrorist Behind 14 Blasts In Punjab Caught In US