'മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനം'; ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഇലോൺ മസ്ക്

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് മസ്കിൻ്റെ പ്രതികരണം.

dot image

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് സംസാരിക്കാൻ കഴിഞ്ഞത് അഭിമാനമെന്ന് ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് അറിയിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇലോൺ മസ്കിൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് മസ്കിൻ്റെ പ്രതികരണം. ഇതുകൂടാതെ ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യ സന്ദർശിക്കുമെന്നും മസ്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

സാങ്കേതിക രംഗത്തെ സഹകരണത്തിനുളള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു മസ്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയത്. നേരത്തെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ മസ്‌കുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ആശയവിനിമയം.

മസ്‌കുമായുളള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് നരേന്ദ്രമോദി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മസ്‌കുമായുളള അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണം. ഇന്ത്യയും യുഎസും തമ്മിലുളള ഉഭയകക്ഷി വ്യാപാര കരാറിനായുളള ചര്‍ച്ചകള്‍ക്കിടെയാണിത്.

'ഇലോണ്‍ മസ്‌കുമായി സംസാരിച്ചു. ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് ഉള്‍പ്പെടെ സംസാരിച്ചു. സാങ്കേതിക വിദ്യ, നവീകരണം തുടങ്ങിയ മേഖലകളിലുളള സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഈ മേഖലകളില്‍ യുഎസുമായുളള പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'- നരേന്ദ്രമോദി കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 13-നാണ് നരേന്ദ്രമോദിയും ഇലോണ്‍ മസ്‌കും വാഷിങ്ടണ്‍ ഡിസിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയത്. പങ്കാളിക്കും കുട്ടികള്‍ക്കുമൊപ്പമാണ് മസ്‌ക് മോദിയെ കണ്ടത്. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതിക വിദ്യ, നവീകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് മോദി അന്ന് വെളിപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് മസ്‌കുമായി കൂടിക്കാഴ്ച്ച നടന്നത്.

Content Highlights- 'Honored to speak with Modi'; Elon Musk plans to visit India

dot image
To advertise here,contact us
dot image