ഈസ്റ്റര്‍ കണക്കിലെടുത്ത് യുക്രൈനില്‍ തല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുക്രൈന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ റഷ്യന്‍ സൈന്യം സജ്ജമാണെന്ന് പുടിന്‍ പറഞ്ഞു.

dot image

മോസ്‌കോ: യുക്രൈനുമായുളള യുദ്ധത്തില്‍ ഈസ്റ്റര്‍ കണക്കിലെടുത്ത് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച്ച അര്‍ധരാത്രിവരെയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇതുസംബന്ധിച്ച് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യന്‍ സൈനിക മേധാവി വലേറി ഗെരസിമോവുമായുളള സംഭാഷണത്തിനിടെ ടെലിവിഷനിലൂടെയാണ് പുടിന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മാനുഷികമായ പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും റഷ്യയുടെ മാതൃക യുക്രൈനും പിന്തുടരണമെന്നും പുടിന്‍ പറഞ്ഞു.


'വെടിനിര്‍ത്തല്‍ കാലയളവിലെ യുക്രൈന്റെ നടപടികള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനുളള അവരുടെ താല്‍പ്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കും. യുക്രൈന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ സമയത്ത് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ റഷ്യന്‍ സൈന്യം സജ്ജമാണ്'- പുടിന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ യുക്രൈനിലെ ഊര്‍ജ്ജവിതരണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണം 30 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ പുടിന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ യുക്രൈന്‍ ധാരണ ലംഘിക്കുകയാണെന്നും അന്ന് റഷ്യ ആരോപിച്ചു.


റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കുവേണ്ടിയുളള ശ്രമങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നും ഇനിയും നീണ്ടുപോവുകയാണെങ്കില്‍ സമാധാന ചര്‍ച്ച ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുളളില്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ നേരത്തെ പ്രഖ്യാപിച്ച യുദ്ധം അവസാനിപ്പിക്കല്‍ സമയപരിധിയില്‍ അദ്ദേഹം മാറ്റംവരുത്തി. ഏപ്രില്‍-മെയ് മാസത്തിനുളളില്‍ സമാധാനപ്രമേയം നിലവില്‍ വരുമെന്നായിരുന്നു ട്രംപ് അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുമായി ട്രംപ് നടത്തിയ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു.

Content Highlights: Russia announces ceasefire in Ukraine on Easter.

dot image
To advertise here,contact us
dot image