യുക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ; 12 പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ 44 ദിവസമായി നടന്നുവന്ന സമാധാന ചര്‍ച്ചകളെ റഷ്യ അട്ടിമറിച്ചെന്ന് സെലന്‍സ്‌കി ആരോപിച്ചു

dot image

കീവ്: യുക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആറ് കുട്ടികളടക്കം 90 പേര്‍ക്കാണ് പരിക്കേറ്റത്. നിരവധിപേരെ കാണാതായി. 70 മിസൈലുകളും 145 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ഈ വര്‍ഷം നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. മിസൈലുകള്‍ പതിച്ച തലസ്ഥാന നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ യുക്രൈനില്‍ വീണ്ടും മിസൈലാക്രമണം നടത്തിയത്.


ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി യാത്ര വെട്ടിച്ചുരുക്കി മടങ്ങി. കഴിഞ്ഞ 44 ദിവസമായി നടന്നുവന്ന സമാധാന ചര്‍ച്ചകളെ റഷ്യ അട്ടിമറിച്ചെന്ന് സെലന്‍സ്‌കി ആരോപിച്ചു. ഉത്തരകൊറിയ നല്‍കിയ കെഎന്‍ 23 മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യ പൈശാചികമായ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി ആന്ദ്രി സിബിഹ പറഞ്ഞു. സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


അതേസമയം, കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുക്രൈനെതിരെ റഷ്യ നടത്തിവരുന്ന യുദ്ധനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ട്രംപ് ആവശ്യപ്പെട്ടു. 'റഷ്യയുടെ കീവ് ആക്രമണത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. അനാവശ്യമായ ഒന്നായിരുന്നു അത്. ശരിയായ സമയത്തുമല്ല. വ്‌ളാഡിമിര്‍ നിര്‍ത്തൂ. പ്രതിവാരം അയ്യായിരം സൈനികരാണ് മരിച്ചുവീഴുന്നത്. നമുക്ക് സമാധാനക്കരാര്‍ നടപ്പിലാക്കാം'-എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

Content Highlights: 12 killed in russian missile attack in ukraine

dot image
To advertise here,contact us
dot image