
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് വീണ്ടും തിരിച്ചടിയുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നതോടെ പാകിസ്താനിലെ ഝലം നദിയിൽ വെള്ളപ്പൊക്കം. ഇതോടെ പാക് അധീന കശ്‌മീരിലെ താഴ്ന്ന മേഖലയിൽ എല്ലാം വെള്ളംകയറി.
വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്. പലരും വീടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുകയാണ്. ഭരണകൂടം ജനങ്ങളോട് മാറിത്താമസിക്കാൻ നിർദേശിക്കുന്നുണ്ട്. നേരത്തെ,
പാകിസ്താനുമായുള്ള സിന്ധു നദീ ജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ പ്രധാന നടപടിയാണിത്.
അതേസമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ എത്തുകയാണ്. ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യക്ക് പിന്തുണയെന്നും അറിയിച്ച് യുഎഇ രംഗത്തെത്തി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരാക്രമണത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആദ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയാറാണെന്ന് ഷരീഫ് പറഞ്ഞിരുന്നു. "പഹൽഗാമിൽ അടുത്തിടെയുണ്ടായ ദുരന്തത്തിൻറെ പേരിൽ വീണ്ടും പാകിസ്താനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാകിസ്താൻ തയാറാണ്" എന്നാണ് ഷരീഫ് പറഞ്ഞത്.
Content Highlights: flood in pok after india releases water from uri dam