
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും ഷഹബാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയായ നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ലഹോറില്‍ വച്ചാണ് ഷഹബാസുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയത്.
ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷം ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ബദലായി സ്വീകരിച്ച നടപടികള്‍ നവാസ് ഷെരീഫിനോട് ഷഹബാസ് വിശദീകരിച്ചു. സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം മേഖലയില്‍ യുദ്ധ ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞതായി പാക് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ അരുതെന്ന് നവാസ് ഷെരീഫ് ഷഹബാസിനെ ഉപദേശിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. നയതന്ത്ര മാര്‍ഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.
Content Highlights: 'Don't take drastic steps against India': Nawaz Sharif tells his brother, Pakistani Prime Minister