
ഇസ്ലാമാബാദ് : ഇന്ത്യയുടെ സൈനിക നീക്കത്തിൽ പാകിസ്താൻ ഞെട്ടിയെന്ന് പാക് പ്രതിരോധമന്ത്രി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ സൈനിക കടന്നുകയറ്റം ആസന്നമാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാകിസ്താൻ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയെ നേരിടാൻ സൈനികതലത്തിൽ തയാറെടുപ്പുകൾ നടത്തുകയാണെന്നും ചില നിർണായക തീരുമാനങ്ങൾ പാകിസ്താൻ എടുത്തിട്ടുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ആക്രമണ സാധ്യതയെക്കുറിച്ച് പാക് സൈന്യമാണ് സർക്കാരിനെ അറിയിച്ചതെന്നും ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.
അതേ സമയം പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഖ്വാജ ആസിഫ് നേരത്തെ റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. പാകിസ്താന് പഹൽഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ലെന്നും ഇന്ത്യയുടെ കുറ്റപ്പെടുത്തൽ മാത്രമാണതെന്നും പാക് പ്രതിരോധമന്ത്രി പ്രതികരിച്ചിരുന്നു.
തീവ്രവാദത്തിന്റെ ഇരയായി പാകിസ്താൻ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യയുടെ ആരോപണങ്ങൾ പരിശോധിക്കണം.ഒരു അന്താരാഷ്ട്ര അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം. ഇന്ത്യ പൊള്ളയായ പ്രസ്താവനകൾ നടത്തരുതെന്നും പഹൽഗാം ഭീകരാക്രമണത്തിലുള്ള പാക് ബന്ധത്തിന് തെളിവുകൾ ഉണ്ടായിരിക്കണമെന്നുമാണ് ഖ്വാജ ആസിഫ് റഷ്യൻ സർക്കാർ വാർത്താ ഏജൻസിയായ റഷ്യ ടുഡേയോട് പ്രതികരിച്ചത്.
content highlights : India's military move shocked; Pakistan says they also strengthened army