തിരുവനന്തപുരം: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിൽ കെപിസിസി മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഒരു വിഭാഗത്തെ സ്വാധീനിക്കാനുളള ശ്രമമാണോ ഹൈബി നടത്തുന്നത്. എന്തിന്റെ പിൻബലത്തിലാണ് പ്രാദേശിക വികാരം കത്തിക്കുന്നത്?. പരാമർശത്തിൽ കെപിസിസിയുടെ തീരുമാനമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാർച്ചിലാണ് ഹൈബി ഈഡൻ എംപി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. ഭൂമിശാസ്ത്രപരമായി കാരണങ്ങളടക്കം ബില്ലിൽ നൽകിയിരുന്നു. മധ്യകേരളമാണ് സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗത്ത് നിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്നാണ് എംപിയുടെ വാദം.
ഇത് സംബന്ധിച്ച് അഭിപ്രായമാരായാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്ത് അയച്ചിരുന്നു. അടിയന്തരമായി ഇക്കാര്യത്തിൽ മറുപടി അറിയിക്കണം. സർക്കാരിന്റെ പ്രതികരണം ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുളളൂവെന്നും കത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ഈ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോഗികമല്ല. സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാനം തിരുവനന്തപുരമാണ്. അവിടെ അതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയിൽ ഇനിയും വികസിക്കാനുളള സാധ്യതകൾക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോൾ ഇല്ലെന്നും സർക്കാർ വിലയിരുത്തലുണ്ട്. ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടേക്കും.