
കാസർകോട്: കരിന്തളം ഗവൺമെന്റ് കോളജിൽ അധ്യാപക ജോലി ലഭിക്കാൻ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ വിദ്യയ്ക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബുധൻ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ അഗളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് കോടതിയും വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.
ഒരു മാസമായി താനും കുടുംബവും അനുഭവിച്ചത് വലിയ മാനസിക പ്രയാസമാണെന്ന് വിദ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ നടന്നത് മാധ്യമ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള നീക്കമാണ്. താനാവട്ടെ അതിന്റെ അവസാനത്തെ ഇര. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിദ്യ പറഞ്ഞു.
കഴിഞ്ഞ ദിവസവും ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു, എന്നാൽ പൊലീസ് ഹാജരാക്കിയ രേഖകളും റിപ്പോർട്ടും വിശദമായി പരിശോധിക്കേണ്ടതിനാൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കരിന്തളം കോളേജിൽ കഴിഞ്ഞ അധ്യയന വർഷം വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിൽ ജോലി ചെയ്തിട്ടുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവിടെ ജോലി നേടിയതെന്നാണ് കേസ്.