'പൊലീസിനെ വിരട്ടി എഫ്ഐആർ ഇടാൻ സ്വാധീനം ചെലുത്തിയെന്നത് നാവു പിഴ'; ബിആർഎം ഷെഫീർ

'നിയമപോരാട്ടങ്ങള്ക്ക് പ്രചോദനമായി നിന്നത് കെ സുധാകരനാണ്'

dot image

കണ്ണൂർ: അരിയിൽ ഷുക്കൂർ കൊലക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പൊലീസിനെ വിരട്ടി എഫ്ഐആർ ഇടാൻ സ്വാധീനം ചെലുത്തിയെന്ന തന്റെ വാദം നാവു പിഴയാണെന്ന് കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീർ. ഷുക്കൂറിന്റെ കേസില് അയാളുടെ ഉമ്മ നടത്തിയ പോരാട്ടങ്ങള്ക്ക് പ്രചോദനമായിട്ട് നിന്നത് സുധാകരനാണ്. ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസിലുൾപ്പെട്ടവരെ പ്രതിയാക്കാനുളള കൃത്യമായ നിയമപോരാട്ടം സുധാകരൻ നടത്തിയെന്നാണ് താന് പറഞ്ഞതെന്നും ബിആർഎം ഷെഫീർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'ഷുക്കൂറിന്റെ ഉമ്മക്ക് സുപ്രീംകോടതിയില് പോകാനും ഹൈക്കോടതിയില് പോകാനും നിരന്തരമായി അധ്വാനിച്ചത് കെ സുധാകരനാണ്. പൊലീസിനെ കൊണ്ട് നീതി നടപ്പാക്കുന്നതിന് പ്രക്ഷോഭം നടത്തേണ്ടി വന്നു. സിബിഐയെ കൊണ്ടുവരാന് വേണ്ടി നിയമ പോരാട്ടം നടത്തിയെന്നുമാണ് പറഞ്ഞത്. ഈ രണ്ട് നിയമപോരാട്ടങ്ങള്ക്കും പ്രചോദനമായി നിന്നത് കെ സുധാകരനാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ആ പോരാട്ടങ്ങള് നടത്തിയതെന്നാണ് പറഞ്ഞത്. എഫ്ഐആര് രജിസ്റ്റര് ചെയ്യിപ്പിക്കാന് കെ സുധാകരന് ഏതെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് പോയി എന്ന് ഞാന് പറഞ്ഞിട്ടില്ല. പൊലീസിനെ വിരട്ടി എഫ്ഐആർ ഇട്ടു എന്ന് പറയുന്നത് നാവു പിഴയാണ്,' ബിആർഎം ഷെഫീർ പറഞ്ഞു.

ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം നേതാവ് പി ജയരാജൻ രംഗത്തെത്തിയിരുന്നു. ആർഎസ്എസും സുധാകരനും തമ്മിലുളള ജൈവബന്ധം ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുകയാണ്. അതിന് തെളിവാണ് അരിയില് ഷുക്കൂർ കൊലക്കേസില് താനടക്കമുളളവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയെന്ന വെളിപ്പെടുത്തൽ. തനിക്കെതിരെ നടന്നത് രാഷ്ട്രീയ വേട്ടയാണ്. ഇതില് അന്വേഷണം നടത്തണം. നിയമ നടപടികളിലേക്ക് നീങ്ങുമെന്നും പി ജയരാജൻ പറഞ്ഞു.

ഹൈക്കോടതി വിധിയെ തുടര്ന്നാണ് അരിയിൽ ഷുക്കൂർ കൊലക്കേസ് സിബിഐ ഏറ്റെടുത്തത്. ഡല്ഹിയില് പോയി സുധാകരന് സ്വാധീനിച്ചതിന്റെ ഭാഗമായാണ് സിബിഐ 2018 ല് കുറ്റപ്പത്രം സമര്പ്പിച്ചപ്പോള് തന്റെ പേരില് ഗൂഢാലോചനക്കുറ്റം ചാര്ത്തിയത്. അന്ന് രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. കേരള പൊലീസിന്റെ അന്വേഷണത്തിലും കെപിസിസി പ്രസിഡന്റ് സ്വാധീനം ചെലുത്തി. കേന്ദ്രത്തിലും കേരളത്തിലും സ്വാധീനം ചെലുത്തിയ ആളാണ് സുധാകരനെന്ന് കോണ്ഗ്രസിന്റെ നേതാവ് തന്നെയാണ് പറഞ്ഞത്. കേന്ദ്രം ബിജെപി ഭരിക്കുന്ന കാലത്ത് സുധാകരന് സിബിഐയെ സ്വാധീനിക്കാന് ശ്രമിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ജയരാജൻ ചോദിച്ചു.

dot image
To advertise here,contact us
dot image